വയനാട് തുരങ്കപാത: നിലപാടിൽ ഉരുണ്ടുകളി; എതിർത്തിട്ടില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ അഭിമാന വികസന പദ്ധതിയായ കോഴിക്കോട് - വയനാട് തുരങ്കപാതയ്ക്കെതിരെ മുൻപ് സ്വീകരിച്ച കടുത്ത എതിർപ്പ് തിരുത്തി യുഡിഎഫ് രംഗത്ത്.
പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പദ്ധതിയെ നഖശിഖാന്തം എതിർത്ത വി ഡി സതീശൻ, ഇപ്പോൾ താൻ തുരങ്കപാതയെ പൂർണ്ണമായി തള്ളിയിട്ടില്ലെന്ന ന്യായീകരണവുമായി മലക്കം മറിഞ്ഞിരിക്കുകയാണ്.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഒരു കാരണവശാലും പശ്ചിമഘട്ടത്തെ തുരക്കുന്ന ഈ പദ്ധതി അനുവദിക്കില്ലെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച സതീശൻ്റെ പഴയ പ്രസംഗങ്ങളും പ്രസ്താവനകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പഴയ വാക്കുകൾ തിരിച്ചടിയായതോടെ, താൻ അന്ന് നടത്തിയ പ്രസംഗങ്ങളിൽ നിന്നും ചില ഭാഗങ്ങൾ മാത്രം മുറിച്ചെടുത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുകയാണെന്ന മുടന്തൻ ന്യായമാണ് അദ്ദേഹം ഇപ്പോൾ ഉയർത്തുന്നത്.
പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നാണ് താൻ ആവശ്യപ്പെട്ടതെന്നാണ് പുതിയ വിശദീകരണം. എന്നാൽ പശ്ചിമഘട്ട സംരക്ഷണം മുൻനിർത്തി ഈ തുരങ്കപാത ഒരിക്കലും അംഗീകരിക്കില്ലെന്നായിരുന്നു അന്ന് യുഡിഎഫ് കോട്ടകളിൽ നിന്നും ഉയർന്ന പ്രധാന മുദ്രാവാക്യം.
തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും വിദഗ്ധ സമിതിയും കർശന വ്യവസ്ഥകളോടെ അനുമതി നൽകിയതും, പദ്ധതിയെ സുപ്രീംകോടതി വരെ അംഗീകരിച്ചതുമാണ് പ്രതിപക്ഷത്തെ ഇപ്പോൾ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലുകൾക്കൊടുവിൽ തുരങ്ക നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുമ്പോൾ, പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള യുഡിഎഫ് നീക്കമാണിതെന്ന വിമർശനവും ശക്തമാണ്.
കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ സ്വപ്ന പദ്ധതി പൂർത്തിയാകുന്നതോടെ ആനക്കാംപൊയിലിൽ നിന്നും വെറും 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിൽ എത്തിച്ചേരാനാകും.
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന പദ്ധതിയെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ച കോൺഗ്രസാണ് ഇപ്പോൾ പുറത്തുവന്നത്.









0 comments