പുതുകാലം:ലക്ഷ്യം കടന്ന മുന്നേറ്റം

house.
avatar
മിൽജിത്‌ രവീന്ദ്രൻ

Published on May 24, 2025, 07:48 AM | 2 min read

തിരുവനന്തപുരം :തെരഞ്ഞെടുപ്പ്‌ വേളയിൽ നൽകുന്ന വാഗ്‌ദാനങ്ങൾ എത്രത്തോളം നടപ്പായി എന്ന്‌ ജനങ്ങൾക്കു മുന്നിൽ ഒരു സർക്കാർ അവതരിപ്പിക്കുന്ന പ്രോഗ്രസ്‌ റിപ്പോർട്ട്‌ രാജ്യത്തു മാത്രമല്ല, ലോകത്തും അപൂർവം. പ്രകടന പത്രികയിൽ നൽകിയ 900 വാഗ്‌ദാനങ്ങളിലെ പ്രവർത്തന പുരോഗതി, പത്രികയ്‌ക്ക്‌ അപ്പുറത്തും നടപ്പാക്കിയ 83 പദ്ധതികളുടെ വിശദവിവരങ്ങൾ, 2016ൽനിന്ന്‌ കേരളം എവിടെയെത്തി നിൽക്കുന്നു തുടങ്ങിയ കാര്യങ്ങളുടെ നേർചിത്രമാണ്‌ എൽഡിഎഫ്‌ സർക്കാർ നാലാം വർഷവും പുറത്തിറക്കിയ പ്രോഗ്രസ്‌ റിപ്പോർട്ട്‌. വിഴിഞ്ഞം തുറമുഖം ലക്ഷ്യമിട്ടതിനും മുമ്പാണ്‌ പ്രവർത്തന ക്ഷമമാക്കിയത്‌.

പൂർത്തീകരണത്തിലേക്ക്‌ കടക്കുന്ന ദേശീയ പാത. അഞ്ചു വർഷം കൊണ്ട്‌ അഞ്ചു ലക്ഷം വീട്‌ എന്ന വാഗ്‌ദാനം നാലു വർഷം പിന്നിടുമ്പോൾ 4,51,631 വീട്‌ പൂർത്തിയായി. അതും ലക്ഷ്യം കടക്കുമെന്ന്‌ വ്യക്തം. രാജ്യത്ത്‌ അതിദരിദ്രർ 11.28 ശതമാനം. കേരളത്തിൽ, 0.48 ശതമാനവും. അതായത്‌, 64,006 പേർ. അതിൽ 59,707 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിച്ചു എന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ രാജ്യത്ത്‌ ഒന്നാം സ്ഥാനത്തേക്കാണ്‌ കേരളം മുന്നേറിയത്‌. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ നടപ്പാക്കിയ പദ്ധതികൾ വിജയം കണ്ടുവെന്നാണ്‌ കേരളത്തിലെ സർവകലാശാലകൾക്കും കോളേജുകൾക്കും ദേശീയതലത്തിൽ ലഭിച്ച അംഗീകാരങ്ങൾ വ്യക്തമാക്കുന്നു. 4,00,956 കുടുംബങ്ങളാണ്‌ പട്ടയം ലഭിച്ചതിലൂടെ ഭൂമിയുടെ ഉടമകളായത്‌. ഐടി കയറ്റുമതി 8003 കോടിയിൽനിന്ന്‌ 24,793 കോടി രൂപയിലേക്കു കുതിച്ചു.

കെ ഫോൺ വഴി എത്തിച്ചത്‌ ഒരു ലക്ഷം കണക്‌ഷൻ. ഒമ്പതു വർഷം പവർക്കട്ടറിയാത്ത കേരളം അധികമായി ഉൽപ്പാദിപ്പിച്ചത്‌ 1360.75 മെഗാവാട്ട്‌ വൈദ്യുതി. ജലജീവൻ മിഷൻ വഴി കുടിവെള്ളമെത്തിച്ചത്‌ 38 ലക്ഷം വീടുകളിൽ. കായിക മേഖലയിൽ നടപ്പാക്കിയത്‌ 3500 കോടിയുടെ പദ്ധതികൾ. പുതുതായി റേഷൻ കാർഡ്‌ നൽകിയത്‌ 5,20,563 കുടുംബങ്ങൾക്ക്‌. പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾക്കു പുറമെ നടപ്പാക്കിയത്‌ 83 പദ്ധതികൾ. കേരള ജിനോം ഡാറ്റാ സെന്റൻ, ഗ്രീൻ ഹൈഡ്രജൻ, ഡിജിറ്റൽ സർവെ, പട്ടയം മിഷൻ, സംരംഭക വർഷം, വ്യവസായ ഇടനാഴി എന്നിവ അതിൽ ചിലതു മാത്രം. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കവും അടക്കമുള്ള പ്രതിബന്ധങ്ങളെ നേരിട്ടാണ്‌ കേരളത്തിന്റെ ഈ മുന്നേറ്റമെന്നും പ്രോഗ്രസ്‌ റിപ്പോർട്ടിൽ വ്യക്തം.


കാബ്‌കോ മുതൽ കേര വരെ

തിരുവനന്തപുരം: മൂല്യവർധനവിലൂടെ ഉയർന്ന വരുമാനം ഉറപ്പാക്കുന്ന അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സഹായങ്ങളും നൽകുന്ന അഗ്രോ പാർക്കുകൾ സ്ഥാപിക്കാനും വിപണന മൂല്യവർധന ശൃംഖല ശക്തിപ്പെടുത്താനുമായി കേരള അഗ്രോ ബിസിനസ്‌ കമ്പനി (കാബ്‌കോ)രൂപീകരിച്ചു. കർഷക ഉൽപാദക സംഘടന, കർഷക ഉൽപാദക കമ്പനി, കാർഷിക ബിസിനസ്‌, അഗ്രിടെക് സ്റ്റാർട്ടപ്, അഗ്രോ പാർക്ക്തുടങ്ങിയവയുടെശാക്തീകരണത്തിന് ലോകബാങ്ക് സഹായത്തോടെ 2,365.5 കോടി മുതൽ മുടക്കിൽ കേരള ക്ലൈമറ്റ് റിസിലീയന്റ് വാല്യൂ ചെയിൻ മോഡനൈസേഷൻ (കേര) പദ്ധതിയും നടപ്പാക്കുന്നു.

നെല്ലിന്റെ ഉൽപ്പാദനക്ഷമത ഹെക്‌ടറിന്‌ 3108 കിലോഗ്രാമാക്കി ഉയർത്തി. തെങ്ങിന്റെ ഉൽപ്പാദനക്ഷമത ഹെക്ടറിന്‌ 7,419 നാളികേരമാക്കി ഉയർത്തി. മുഖ്യമന്ത്രി അധ്യക്ഷനായി വാല്യു ആഡഡ്‌ അഗ്രികൾച്ചറൽ മിഷൻ രൂപീകരിച്ചു. നവീന പദ്ധതികളിലൂടെ പച്ചക്കറി ഉൽപാദനം വർധിപ്പിച്ചു. പ്രിസിഷൻഫാമിങ്‌, സങ്കരയിനം വിത്തുകളുടെ ഉൽപാദനം, ഉപയോഗം എന്നിവയിലൂടെ ഉൽപാദനക്ഷമത ഉയർത്താനുള്ള നടപടി സ്വീകരിച്ചു. 1.1525 ലക്ഷം ഹെക്ടറിലേയ്ക്ക് പച്ചക്കറികൃഷി വ്യാപിപ്പിച്ചു. 17.217 ലക്ഷം മെട്രിക്‌ ടണ്ണായി ഉൽപ്പാദനംഉയർന്നു.

മികവിൽ ടൂറിസം

തിരുവനന്തപുരം : വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 2024ൽ 7.38 ലക്ഷമായും ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2.22 കോടിയായും വർധിച്ചു. സ്‌റ്റാർ ഹോട്ടലുകൾക്ക്‌ വൈദ്യുതി സബ്‌സിഡിയും കാരവനുകൾക്ക്‌ നിക്ഷേപ സബ്‌സിഡിയും ഉറപ്പാക്കി. ഉത്തരവാദിത്വ ടൂറിസം പദ്ധതിയിൽ 25,188 യൂണിറ്റ്‌ പ്രവർത്തിക്കുന്നു. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ ഹെലികോപ്ടർ സർവീസ്‌ ആരംഭിക്കാൻ നടപടി. 27 പൈതൃക കെട്ടിടങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കി. മൂന്നാർ വികസനത്തിന്‌ മാസ്‌റ്റർ പ്ലാൻ. മലബാർ ലിറ്റററി ടൂറിസം സർക്യൂട്ട്‌ പദ്ധതി നടപ്പാക്കുന്നു. മലബാർ മലനാട്‌ റിവർ ക്രൂസ്‌ ടൂറിസം പദ്ധതി പൂർത്തിയാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക്‌ ഹരിതചട്ടം തയ്യാറാക്കി. വിനോദസഞ്ചാരമേഖലയ്ക്കുള്ള ബജറ്റ്‌ വിഹിതം 2025–-26ൽ 385.02 കോടിയായി ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Home