‘ഞങ്ങൾ മടക്കയാത്രയിലാണ്; ഒടുവിൽ മരണവാർത്ത ; വിനോദയാത്ര ദുരന്തമായി

ടി എസ് അഖിൽ
Published on Jun 11, 2025, 01:21 AM | 1 min read
പാലക്കാട്
‘ഞങ്ങൾ മടക്കയാത്രയിലാണ്. അടുത്തുള്ള വെള്ളച്ചാട്ടവും കാണാൻപോകും. ഒന്നരമണിക്കൂറിനുള്ളിൽ താമസസ്ഥലത്തെത്തും’– ഏറ്റവും ഒടുവിൽ തിങ്കളാഴ്‌ച റിയ ആൻ വീട്ടിലേക്ക് അയച്ച വാട്‌സാപ് ശബ്‌ദസന്ദേശമാണിത്. മകളുടെ സന്ദേശംകേട്ട് മണിക്കൂറുകൾക്കുള്ളിൽ മരുമകൻ ജോയലിന്റെ വിളിയെത്തി.
അപകടമുണ്ടായെന്നുമാത്രം പറഞ്ഞ് ഫോൺവച്ചു. അതോടെ എല്ലാവരും കുഴപ്പമൊന്നുമില്ലാതെ തിരിച്ചെത്തണേയെന്ന പ്രാർഥനയിലായി കുടുംബം. പക്ഷേ, ചൊവ്വ പകൽ പതിനൊന്നോടെ റിയയുടെയും ചെറുമകൾ ടൈറയുടെയും മരണവാർത്തയെത്തി. സുഹൃത്താണ് അറിയിച്ചത്.
മകളും കുടുംബവും ഉല്ലാസയാത്ര കഴിഞ്ഞ് തിരികെ ഖത്തറിലേക്ക് മടങ്ങിയിട്ടുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു പത്തിരിപ്പാല മണ്ണൂർ പുത്തൻപുരയിൽ രാധാകൃഷ്ണനും ഭാര്യ ശാന്തിയും. 28ന് റിയയും കുടുംബവും നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ആറുവർഷമായി ഖത്തറിലാണ് റിയയും ജോയലും മക്കളും. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്.
ജോയൽ ട്രാവൽ ഏജൻസി ജീവനക്കാരനാണ്. റിയ ദോഹ എയർപോർട്ട് മെയിന്റനൻസ് കമ്പനി ജീവനക്കാരിയും. ജോയലിന്റെ ടൂർ കമ്പനിയുടെ സഹകരണത്തോടെയാണ് 28 പേരടങ്ങുന്ന സംഘത്തോടൊപ്പം കുടുംബം ജൂണ്‍ അഞ്ചിന് കെനിയയ്ക്ക് പുറപ്പെട്ടത്.
കെനിയയിലെ ന്യാഹുറുവിലെ റിസോർട്ടിലായിരുന്നു താമസം. അപകടം നടന്നത് ഇതിനുസമീപത്തെ ഒയ്‌ജൊറോ റോക്ക് നക്കുരു റോഡിലാണ്. അപകടത്തിൽ ജോയലിന്റെ തോളിനും മകൻ ട്രാവിസിന്റെ (14) കാലിനും പരിക്കേറ്റു. ഇവർ കെനിയയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് മണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ വി സ്വാമിനാഥൻ പറഞ്ഞു.









0 comments