ad
Deshabhimani

print edition കീം റാങ്ക്‌പട്ടിക; 2 പേരുടെ പുനർമൂല്യനിർണയ മാർക്കുകൂടി പരിഗണിക്കണം

KEAM
വെബ് ഡെസ്ക്

Published on Jul 02, 2026, 12:00 AM | 1 min read

കൊച്ചി: സിബിഎസ്ഇ പ്ലസ്‌ടു പുനർമൂല്യനിർണയഫലം വൈകിയതിനെ തുടർന്ന് പുതുക്കിയ മാർക്ക് കീം പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനാകാത്ത രണ്ട് വിദ്യാർഥികളെക്കൂടി റാങ്ക്‌പട്ടികയിലേക്ക് പരിഗണിക്കാൻ ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്.


ഇവരുടെ റീ വാലുവേഷൻ മാർക്ക്കൂടി ഉൾപ്പെടുത്തി പുതുക്കിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനും പ്രവേശനപരീക്ഷാ കമീഷണറോട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. ഹർജി നൽകിയിരുന്ന പി ശ്രീഹരി, മെൽവിൻ എൽദോ ബെെജു എന്നിവർക്കുമാത്രമാണ് ഉത്തരവ് ബാധകം.


സിബിഎസ്ഇ മൂല്യനിർണയത്തിൽ വ്യാപക പിഴവുകൾ ഉണ്ടായിരുന്നുവെന്നും പുനർമൂല്യനിർണയത്തിലൂടെ ശ്രീഹരിക്ക് എട്ടും മെൽവിന് ഒമ്പതും മാർക്ക്‌ അധികമായി ലഭിച്ചുവെന്നും അതുകുടി ഉൾപ്പെടുത്തി റാങ്ക്പട്ടിക ക്രമീകരിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.


കീം പോർട്ടലിൽ പുതിയ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി ജൂൺ 23 ആയിരുന്നു. ഇവരുടെ ഫലംവന്നത് 26ന്‌ ആയതിനാൽ അപ്‌ലോഡ് ചെയ്യാനായില്ല. 27ന് കീം റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഈ സാഹചര്യത്തിലാണ് ഹെെക്കോടതിയെ സമീപിച്ചത്.


ഹർജിക്കാർക്ക് പുതുക്കിയ മാർക്ക് അപ്‌ലോഡ് ചെയ്യാൻ വ്യാഴം രാവിലെ ഒന്പതുമുതൽ പകൽ 12 വരെ കീം പോർട്ടൽ തുറന്നുനൽകാനും നിർദേശിച്ചു. കേസ് 14ന് വീണ്ടും പരിഗണിക്കും. വിദ്യാർഥികൾക്കുവേണ്ടി അഡ്വ. ഡി കിഷോർ, ജോർജ്‌ സെബാസ്റ്റ്യൻ എന്നിവർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home