ad
Deshabhimani

print edition കീം മാർക്ക് ഏകീകരണം: അപ്പീൽ ഹെെക്കോടതി തള്ളി

KEAM 2026
വെബ് ഡെസ്ക്

Published on Jun 20, 2026, 12:00 AM | 1 min read

കൊച്ചി: കേരള എൻട്രൻസ് എക്സാമിനേഷൻ 2026 (കീം) മാർക്ക്‌ ഏകീകരണ(നോർമലൈസേഷൻ)രീതി ചോദ്യം ചെയ്‌ത്‌ അപേക്ഷകരായ വിദ്യാർഥികൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. വിവിധ വിദ്യാഭ്യാസ ബോർഡുകൾ തമ്മിലുള്ള മാർക്ക് വ്യത്യാസം പരിഹരിക്കാൻ തമിഴ്നാട് മാതൃകയിൽ കൊണ്ടുവന്ന മാർക്ക് ഏകീകരണ (നോർമലൈസേഷൻ) രീതി ചോദ്യംചെയ്തുള്ള അപ്പീലാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് തള്ളിയത്.


തമിഴ്നാട്ടിൽ പ്രയോഗത്തിലുള്ള നോർമലൈസേഷൻ രീതിയാണ് കേരളത്തിലും സ്വീകരിച്ചതെന്നും ഇതിലൂടെ ഒരു വിദ്യാർഥിയുടെയും മാർക്ക് കുറയുന്ന സാഹചര്യമില്ലെന്നുമുള്ള സർക്കാർവാദം കോടതി അംഗീകരിച്ചു. നിലവിലെ രീതിയിൽ ഒരു ബോർഡിനും അനാവശ്യ മുൻതൂക്കം ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അത്യാവശ്യ സാഹചര്യങ്ങളിൽമാത്രമേ കോടതികൾ ഇടപെടേണ്ടതുള്ളൂവെന്നും വ്യക്തമാക്കി.


മാർക്ക് ഏകീകരണം വിദഗ്‌ധപഠനം നടത്താതെയാണെന്ന് ആരോപിച്ചുള്ള ഹർജികൾ സിംഗിൾബെഞ്ച് തള്ളിയിരുന്നു. 2024ലെ പ്രവേശന പരീക്ഷയിലുണ്ടായ മാറ്റങ്ങൾക്കുശേഷം നിലവിലുണ്ടായിരുന്ന രീതി വിവേചനപരമാണെന്ന് കാണിച്ച് വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എൻട്രൻസ് കമീഷണർ, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, എസ്‌സിഇആർടി ഡയറക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ രീതി സ്വീകരിച്ചതെന്നും വിവേചനമില്ലാതാകുകയാണ് ചെയ്തതെന്നും സർക്കാർ ബോധിപ്പിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home