ad
Deshabhimani

print edition കെസിഇയു സംസ്ഥാന 
സമ്മേളനം ഇന്നുമുതൽ

kceu
വെബ് ഡെസ്ക്

Published on Sep 21, 2026, 01:31 AM | 2 min read

കോഴിക്കോട്‌: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം 21, 22, 23 തീയതികളിൽ കോഴിക്കോട്ട്‌ നടക്കും.

തിങ്കൾ രാവിലെ ഒന്പതരക്ക്‌ വി വിനോദ് നഗറിൽ (ബീച്ചിലെ ആസ്‌പിയൻ കോർട്ട്‌ യാർഡ്‌) സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനംചെയ്യും. കെസിഇയു സംസ്ഥാന പ്രസിഡന്റ് പി എം വഹീദ അധ്യക്ഷയാകും.


സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ സംസാരിക്കും. വൈകിട്ട് നാലരക്ക്‌ പ്രകടനം സ്റ്റേഡിയം കോർണറിൽനിന്ന്‌ ആരംഭിച്ച് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സമാപിക്കും. പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടി അമ്മ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് കണ്ണൂർ ഷരീഫും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയുണ്ടാകും. ചൊവ്വ രാവിലെ ഒമ്പത്‌ മുതൽ പൊതുചർച്ച. വൈകിട്ട് അഞ്ചിന് സഹകരണ സമ്മേളനം മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും. ബുധനാഴ്‌ച യാത്രയയപ്പ്‌ സമ്മേളനം സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനംചെയ്യും.



സഹകരണ മേഖലയിൽ അസാധാരണ വെല്ലുവിളികൾ: എന്‍ കെ രാമചന്ദ്രന്‍


ആഭ്യന്തരവും ബാഹ്യവുമായി വെല്ലുവിളികള്‍ നേരിടുന്ന അസാധാരണകാലത്തിലൂടെയാണ്‌ കേരളത്തിലെ സഹകരണ മേഖല കടന്നുപോകുന്നതെന്ന്‌ കെസിഇയു ജനറല്‍ സെക്രട്ടറി എന്‍ കെ രാമചന്ദ്രന്‍. ഇടതുപക്ഷഭരണം ഇല്ലാതാവുകയും യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തതിന്റെ ഫലമായി കേരളത്തില്‍ സഹകരണമേഖലയില്‍ തങ്ങൾ ഉദ്ദേശിക്കുന്ന പരിഷ്‌കാരം നടപ്പാക്കാനാകുമെന്നതിന്റെ ആനന്ദം ബിജെപിയ്‌ക്കുണ്ട്. ഇതാണ് സഹകരണ മേഖല നേരിടുന്ന ബാഹ്യമായ വെല്ലുവിളി. സാധാരണക്കാരുടെ ജീവിതത്തിലുണ്ടാകുന്ന സാമ്പത്തിക ആഘാതം ഏറ്റവും എളുപ്പത്തില്‍ പ്രതിഫലിക്കുക സഹകരണ സംഘങ്ങളിലാണ്. അത് എത്രത്തോളം തീക്ഷ്‌ണമാണെന്ന് സംഘങ്ങളിലെ കുടിശ്ശിക കൂടുകയും സ്ഥാപനം സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സ്ഥിതി വ്യക്തമാക്കുന്നുണ്ട്. ഇതാണ് ഈ മേഖലയിലെ ആന്തരികമായ വെല്ലുവിളി.


ബിജെപി സര്‍ക്കാർ അധികാരത്തിലെത്തിയതിന് ശേഷം ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്തി. സഹകരണ ബാങ്കുകള്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ എടുത്തുകളഞ്ഞു. ഗ്രാമീണ ബാങ്കിങ് മേഖലയില്‍ കാര്യക്ഷമമായി ഇടപെടുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് പല വിലക്കുകള്‍ കൊണ്ടുവന്നു. സംസ്ഥാന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘങ്ങളെ, സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ മള്‍ട്ടി സ്‌റ്റേറ്റ് സംഘത്തില്‍ ലയിപ്പിക്കാനാകുമെന്ന വ്യവസ്ഥ നിയമത്തിലുള്‍പ്പെടുത്തി. ഇതിനെല്ലാം പുറമെ, കേന്ദ്രത്തില്‍ പുതിയ സഹകരണ മന്ത്രാലയം തുടങ്ങി. ഇതോടെ കേന്ദ്രപദ്ധതികളുടെ രീതിയും വ്യവസ്ഥകളും മാറ്റി.


പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്ക് ഇന്ത്യയിലാകെ പൊതുബൈലോ, പൊതു സോഫ്റ്റ് വെയര്‍, കേന്ദ്രഫണ്ട് ലഭിക്കണമെങ്കില്‍ നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന രീതിയിലുള്ള ധാരണാപത്രം എന്നിവയാണ് മന്ത്രാലയം കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍. ഇതിനെല്ലാം ശേഷമാണ് ദേശീയ സഹകരണ നയം പ്രഖ്യാപിച്ചത്. അതില്‍ കേന്ദ്രവ്യവസ്ഥകള്‍ പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്ന സമീപനം നയമായി തന്നെ പ്രഖ്യാപിച്ചു. ഇതിനെയെല്ലാം പ്രതിരോധിച്ചാണ് കേരളം മുന്നോട്ടുപോയത്. കേന്ദ്രം കൊണ്ടുവന്ന ചരടുകളുള്ള ഒരു വ്യവസ്ഥയും എൽഡിഎഫ്‌ സർക്കാർ അംഗീകരിച്ചില്ലെന്നും എൻ കെ രാമചന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home