print edition മൂന്നാം ദിവസവും ആളില്ലാക്കളി

കെസിഎ വിലക്ക് നീക്കിയശേഷം കെസിഎൽ വേദിയിലെത്തിയ ശ്രീശാന്ത് ടീം അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന ഗ്യാലറികളും കാണാം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിലക്ക് ഒഴിവാക്കിയതിനുപിന്നാലെ തന്റെ ടീമിന്റെ കളി കാണാനെത്തി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ സഹ ഉടമയായ ശ്രീശാന്ത് ശനിയാഴ്‌ച ട്രിവാൻഡ്രം റോയൽസുമായുള്ള മത്സരം കാണാനാണെത്തിയത്. എന്നാൽ, ഒഴിഞ്ഞ ഗ്യാലറി നോക്കി അഭിവാദ്യം ചെയ്യാനേ ശ്രീശാന്തിനായുള്ളൂ.
കഴിഞ്ഞ കെസിഎല്ലിനുമുന്നോടിയായാണ് ശ്രീശാന്തിനെ വിലക്കിയത്. സഞ്ജു സാംസണെ തഴയാനുള്ള നീക്കത്തിനെതിരെ സ്വകാര്യ ചാനൽ അഭിമുഖത്തിൽ പ്രതികരിച്ചതിനാലാണ് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, വിലക്ക് മാറ്റിയില്ലെങ്കിൽ ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ ഫ്രാഞ്ചൈസിതന്നെ നഷ്‌ടപ്പെട്ടേക്കുമെന്നായപ്പോഴാണ് കെസിഎ ഒത്തുതീർപ്പിന് തയ്യാറായത്. ഒടുവിൽ ശ്രീശാന്തിനെക്കൊണ്ട് മാപ്പുപറയിപ്പിച്ച് പ്രശ്‌നം ഒത്തുതീർത്തു.
കെഎസിഎല്ലിന്റെ 3–ാം സീസണിലെ 3 ദിവസം പിന്നിടുന്പോൾ 6 മത്സരം പൂർത്തിയായി. ആറുമത്സരങ്ങളും കാഴ്‌ചക്കാരില്ലാതെയാണ് പൂർത്തിയാക്കിയത്. 45,000 പേർക്ക് കളികാണാൻ പറ്റുന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആയിരംപേരുപോലും കളികാണാനുണ്ടായില്ല. കെസിഎൽ പ്രചാരണത്തിനുവേണ്ടി കെസി എ നടപ്പാക്കിയ പദ്ധതികളെല്ലാം വെറുതേയായി എന്നതിന്റെ തെളിവാണ് ക്രിക്കറ്റ് പ്രേമികളുടെ അവഗണന.










0 comments