print edition മന്ത്രിസഭയിലും പിടിമുറുക്കി വേണുഗോപാൽ പക്ഷം; ചാണ്ടി ഉമ്മനും ബൽറാമും കുഴൽനാടനും പുറത്ത്

കെ സി വേണുഗോപാൽ
ഒ വി സുരേഷ്
Published on May 18, 2026, 02:02 AM | 1 min read
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്ക് താൽക്കാലിക വിരാമമിട്ട് മന്ത്രിമാരെ നിശ്‌ചയിച്ചപ്പോൾ കെ സി വേണുഗോപാൽ പക്ഷം സതീശൻ പക്ഷത്തെ വെട്ടിയൊതുക്കി. 11 കോൺഗ്രസ് മന്ത്രിമാരിൽ ഒന്പതും വേണുഗോപാൽ പക്ഷത്തുനിന്ന്. സതീശനൊപ്പം കെ മുരളീധരൻ മാത്രം. രണ്ടുപേർക്കായി വാദിച്ച രമേശ് ചെന്നിത്തല ഒടുവിൽ സ്വന്തംസ്ഥാനം സംരക്ഷിച്ചു. മന്ത്രിക്കുപ്പായം തയ്ച്ചിരുന്ന ചാണ്ടി ഉമ്മനും വി ടി ബൽറാമും മാത്യു കുഴൽനാടനും പുറത്തായി. മുസ്ലിംലീഗിലും കേരള കോൺഗ്രസ് ജോസഫിലും അടികലശലാണ്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് വേണുഗോപാലിനായിരുന്നു മുൻതൂക്കമെങ്കിലും മാധ്യമസഹായത്തോടെ പ്രവർത്തകരെ തെരുവിലിറക്കിയുള്ള സതീശന്റെ വെല്ലുവിളിയിൽ ഹൈക്കമാൻഡ് വഴങ്ങി. എന്നാൽ, ഒപ്പമുള്ളവരെ സതീശൻ കൈവിട്ടു. അൻവർ സാദത്തിനും ഐ സി ബാലകൃഷ്‌ണനും വേണ്ടി ശക്തമായി വാദിച്ച ചെന്നിത്തലയും ഒടുവിൽ കീഴടങ്ങി. ബാലകൃഷ്‌ണനെ മന്ത്രിയാക്കുമെങ്കിലും രണ്ടര വർഷം കാത്തിരിക്കണം. അന്നത്തെ സാഹചര്യം എന്താകുമെന്ന് ഉറപ്പുമില്ല. അകത്തുനിന്ന് ചെന്നിത്തലയും പുറത്തുനിന്ന് വേണുഗോപാലുമാകും മന്ത്രിസഭയെ നിയന്ത്രിക്കുക. മന്ത്രിയാക്കാതെ സ്‌പീക്കറാക്കുന്നതിൽ തിരുവഞ്ചൂരും ഡെപ്യൂട്ടി സ്‌പീക്കറാക്കി ഒതുക്കുന്നതിൽ ഷാനിമോൾ ഉസ്‌മാനും പ്രതിഷേധത്തിലാണ്. എം വിൻസെന്റിനെ ഒഴിവാക്കിയതിനെതിരെ ലത്തീൻ അതിരൂപത രംഗത്തെത്തി.
മന്ത്രിയാക്കുമെന്ന് സതീശൻ നൽകിയ വാഗ്‌ദാനം പാലിക്കാത്തതിൽ മാണി സി കാപ്പൻ രോഷത്തിലാണ്. അനൂപ് ജേക്കബിനും കാപ്പനും രണ്ടരവർഷം വീതം മന്ത്രിസ്ഥാനമെന്നാണ് ധാരണയെങ്കിലും ഇരുവർക്കും യോജിപ്പില്ല. തർക്കത്തിനും തെരുവിലെ വെല്ലുവിളികൾക്കുംശേഷം ലീഗിലെ കാര്യങ്ങൾ തീരുമാനമായെങ്കിലും രോഷം ശമിച്ചില്ല. രണ്ട് മന്ത്രിസ്ഥാനം ചോദിച്ച ജോസഫ് ഗ്രൂപ്പ് ഒന്നിലൊതുങ്ങി. പകരം കിട്ടിയ ചീഫ് വിപ്പ് പദവിയാകട്ടെ ഉൾപ്പാർടി തർക്കത്തിനും വഴിവച്ചു. പരിചയസമ്പന്നനായ തന്നെ പരിഗണിക്കാതെ ആദ്യമായി സഭ കാണുന്ന അപു ജോൺ ജോസഫിനെ ചീഫ് വിപ്പാക്കുന്നതിൽ തോമസ് ഉണ്ണിയാടൻ പ്രതിഷേധത്തിലാണ്. മന്ത്രിസഭയിൽ കോഴിക്കോട്, കാസർകോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരെ പരിഗണിക്കാത്തതിലും വിമർശമുയ ർന്നു.











0 comments