ad
Deshabhimani

print edition വീണത്‌ തെരുവ് യുദ്ധത്തിൽ

K C VENUGOPAL COVER

കെ സി വേണുഗോപാല്‍

വെബ് ഡെസ്ക്

Published on May 15, 2026, 12:17 AM | 2 min read

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാനം വരെ പൊരുതിയ ശേഷമാണ്‌ കെ സി വേണുഗോപാലിന്റെ കീഴടങ്ങൽ. വ്യാഴം രാവിലെ വരെ മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷ വേണുഗോപാലിനുണ്ടായിരുന്നു. രാഹുൽ ഗാന്ധി കൈവിടില്ലെന്നായിരുന്നു വിശ്വാസം. എന്നാൽ രാവിലെ വസതിയിലേക്ക്‌ വിളിപ്പിച്ച രാഹുൽ വയനാട്‌ എംപി പ്രിയങ്കയെ കൂടി ഒപ്പം നിർത്തി തീരുമാനം അറിയിച്ചതോടെ വേണുഗോപാൽ തളർന്നു. പാർലമെന്ററി പാർടിയിലെ ഭൂരിപക്ഷവും കെപിസിസി പ്രസിഡന്റും വർക്കിങ്‌ പ്രസിഡന്റുമാരുമടക്കമുള്ള നേതാക്കളുടെ നിലപാടും പരിഗണിച്ചുവേണം തീരുമാനമെന്ന വാദം വേണുഗോപാൽ ആവർത്തിച്ചെങ്കിലും ഫലമുണ്ടായില്ല.


പഞ്ചാബ്‌ ഉൾപ്പെടെ സുപ്രധാന തെരഞ്ഞെടുപ്പുകളിലേക്കാണ്‌ നീങ്ങുന്നതെന്നും വേണുഗോപാലിന്റെ സേവനം ഡൽഹിയിലാണ്‌ ആവശ്യമെന്നും രാഹുൽ നിലപാടെടുത്തു. പാർലമെന്റിലും വേണുഗോപാലിന്റെ അനുഭവസമ്പത്ത്‌ കോൺഗ്രസിന്‌ ആവശ്യമാണെന്നും അറിയിച്ചു. പ്രിയങ്കയും സഹോദരന്റെ തീരുമാനത്തെ പിന്തുണച്ചു. എ കെ ആന്റണിയും വി എം സുധീരനുമടക്കമുള്ള മുതിർന്ന നേതാക്കളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ്‌ തീരുമാനമെന്നും രാഹുൽ അറിയിച്ചു.


കേരളത്തിൽ വി ഡി സതീശന്‌ വേണ്ടിയുള്ള പ്രകടനങ്ങളും മറ്റും ആസ‍‍ൂത്രിതമായിരുന്നുവെന്ന്‌ വേണുഗോപാൽ പറഞ്ഞു. ആന്റണിയെ പോലുള്ള നേതാക്കൾ സതീശന്റെ കളി തിരിച്ചറിഞ്ഞിട്ടില്ല. എംഎൽഎമാരുടെ അഭിപ്രായം തന്നെയാണ്‌ മുഖ്യമായും പരിഗണിക്കേണ്ടത്‌. ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎമാരിൽ ഭൂരിഭാഗം പേരും തനിക്കൊപ്പമാണ്‌. അതാണ്‌ ശരിയായ ജനവികാരം. എംഎൽഎമാരുടെ അഭിപ്രായത്തിന്‌ വിലകൽപ്പിക്കാതെ മുന്നോട്ടുപോകുന്നത്‌ സർക്കാരിനും കോൺഗ്രസിനും ദോഷം ചെയ്യും– വേണുഗോപാൽ വാദിച്ചു.


രാഹുലിന്റെ വസതിയിൽ മൂന്നു മണിക്കൂറോളം വാദപ്രതിവാദങ്ങൾ തുടർന്നു. എന്നാൽ നിലപാടിൽ മാറ്റം വരുത്താൻ രാഹുലോ പ്രിയങ്കയോ തയ്യാറായില്ല. വയനാട്ടിൽ പ്രിയങ്കയെ ജയിപ്പിക്കില്ലെന്ന മുസ്ലീം ലീഗിന്റെ ഭീഷണിയും അവസാനനിമിഷം വേണുഗോപാലിനെ രാഹുൽ കൈവിടുന്നതിന്‌ കാരണമായി. വയനാട്ടിൽ ലീഗിന്റെ പിൻബലമില്ലാതെ പ്രിയങ്കയ്‌ക്ക്‌ ജയിക്കാനാകില്ലെന്ന ആശങ്ക രാഹുലിൽ സൃഷ്ടിക്കപ്പെട്ടിരുന്നു. അമേത്തിയും റായ്‌ബറേലിയും പോലും സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ വയനാട്ടിൽ ലീഗിനെ പിണക്കുന്നത്‌ അബദ്ധമാണെന്ന ബോധ്യത്തിലേക്കും രാഹുൽ എത്തി. വിശ്വസ്‌തനേക്കാൾ സഹോദരിയുടെ താൽപ്പര്യം പരിഗണിക്കാൻ രാഹുൽ തീരുമാനിച്ചതോടെ വേണുഗോപാലിന്റെ എല്ലാ സാധ്യതകളും അടഞ്ഞു.


തകർന്ന മനസ്സുമായാണ്‌ വേണുഗോപാൽ രാഹുലിന്റെ വസതി വിട്ടത്‌. വേണുഗോപാലിനെ കൊണ്ടുതന്നെ തീരുമാനം പ്രഖ്യാപിക്കാൻ ഹൈക്കമാന്റ്‌ നീക്കം നടത്തിയിരുന്നു. എന്നാൽ വേണുഗോപാൽ അതിന്‌ തയ്യാറായില്ല. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്ത്‌ തുടരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ എന്നാൽ അതും വിട്ടുകൊടുക്കാം എന്നായിരുന്നു മറുപടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home