കായംകുളത്തെ ദമ്പതികളുടെ മരണം: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് പൊലീസ്

ആലപ്പുഴ: കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്താണെന്ന് പൊലീസ്. കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (56), ഭാര്യ സുഷമ (54) എന്നിവരെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച പുലർച്ചെ ആറു മണിയോടെ വീടിനു സമീപത്തെ പുളിമരത്തിൽ സുധനെ തൂങ്ങിമരിച്ച നിലയിലും, വൈകിട്ടോടെ ഭാര്യ സുഷമയുടെ മൃതദേഹം സമീപത്തെ കുളത്തിൽ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ കായംകുളം ഡിവൈഎസ്പി എൻ ബിനുക്കുട്ടൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് സുഷമയുടെ മരണം കൊലപാതമാണെന്ന് കണ്ടെത്തിയത്.
വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സുഷമയുടെ മരണം കൊലപാതകമാണെന്നും സുധൻ തൂങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടെന്ന് പൊലീസ് പറയുന്നു. സുഷമയുടെ തലയിൽ ചുറ്റിക കൊണ്ട് അടിയേറ്റ പാടും കണ്ടെത്തി. വാരിയെല്ല് പൊട്ടിയിട്ടുമുണ്ട്. വർഷങ്ങളായി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നതായും ഇതാണ് മരണത്തിൽ കലാശിച്ചതെന്നുമാണ് നിഗമനം.
സുഷമ വീട്ട് ജോലികൾ ചെയ്തും സുധൻ കൂലിപ്പണി ചെയ്‌തുമാണ് ജീവിതം പുലർത്തിയിരുന്നത്. മദ്യപാനിയായ സുധൻ ദിവസവും മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കാറുണ്ടെന്നും പൊലീസും പറയുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സുഷമയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക വീടിനുള്ളിൽ നിന്നും കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം വീട്ടിൽ നിന്നും വലിച്ചിഴച്ച് സമീപത്തെ കുളത്തിൽ തള്ളുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സുധൻ്റെ വസ്ത്രങ്ങളിൽ സുഷമയുടെ രക്തവും പുരണ്ടിട്ടുണ്ട്.








0 comments