കായംകുളത്ത് കായലിൽ വയോധികയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

കായംകുളം: കായംകുളത്ത് കായലിൽ വയോധികയുടെ മൃതദേഹം. കണ്ടല്ലൂർ സ്വദേശിനി തങ്കമ്മയുടെ (80) മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെ അടുത്തിടെ കാണാതായിരുന്നു. കനകക്കുന്ന് ജെട്ടിക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.
കഴിഞ്ഞ രണ്ട് ദിവസമായി തങ്കമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കനകക്കുന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കായലിൽ മീൻപിടുത്തക്കാർ മൃതദേഹം കണ്ടെത്തുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം കരയ്ക്ക് എത്തിച്ചു. ശരീരത്തിൽ ആഭരണങ്ങൾ ഒന്നുംതന്നെയില്ലായിരുന്നു.
തങ്കമ്മ വീട്ടിൽ തനിച്ചായിരുന്നു താമസമെന്നാണ് വിവരം. തങ്കമ്മയുടെ മകനും കുടുംബവും മറ്റൊരു വീട്ടിലും, വിവാഹം കഴിച്ചയച്ച മകൾ ഭർതൃവീട്ടിലുമാണ് താമസം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments