print edition ഗോപിയാശാൻ നവതിയുടെ നിറവിലേക്ക്


സ്വന്തം ലേഖകൻ
Published on May 25, 2026, 12:01 AM | 1 min read
തൃശൂർ: കഥകളിയരങ്ങിലെ വേഷപ്പകർച്ചയുടെ ആശാൻ കലാമണ്ഡലം ഗോപി നവതിയുടെ നിറവിലേക്ക്. ഇടവത്തിലെ അത്തം നാളിലാണ് ഗോപിയാശാന്റെ പിറന്നാൾ. 25നാണ് ജന്മദിനം. കർണശപഥത്തിലെ കർണനായും ദുര്യോധനവധത്തിലെ രൗദ്രഭീമനായും ഉത്തരാ സ്വയംവരത്തിലെ അർജുനനായും നളചരിതത്തിലെ നളനായുമെല്ലാം തകർത്താടിയ അഭിനയ പ്രതിഭയുടെ 89–ാം പിറന്നാൾ തിങ്കളാഴ്‌ച ആഘോഷിക്കും. കഥകളി അരങ്ങിലെ മികവിന് അറുപതിൽപ്പരം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
‘കലാമണ്ഡലം ഗോപി' എന്ന പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഡോക്യുമെന്ററി നിർമിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ വാനപ്രസ്ഥം, ജയരാജിന്റെ ശാന്തം എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ചന്ദ്രികയാണ് ഭാര്യ. ജയരാജൻ (ബിസിനസ്), രഘുരാജൻ (എച്ച്ഡിഎഫ്സി ബാങ്ക്) എന്നിവർ മക്കളും പ്രിയ, കലാമണ്ഡലം ശ്രീകല എന്നിവർ മരുമക്കളുമാണ്. തിങ്കളാഴ്‌ച പേരാമംഗലം ഗുരുകൃപ കലാക്ഷേത്രത്തിൽ വൈകിട്ട് ആറിന് നടക്കുന്ന പിറന്നാൾ ആഘോഷ ചടങ്ങ് പെരുവനം കുട്ടൻ മാരാർ ഉദ്‌ഘാടനം ചെയ്യും.










0 comments