കാസർകോടിന്‌ ഓണസമ്മാനം ബംബറടിച്ച് വയനാട് ; മെഡിക്കൽ കോളേജുകൾ യാഥാർഥ്യം

kasaragod wayanad medical college
വെബ് ഡെസ്ക്

Published on Sep 04, 2025, 03:34 AM | 2 min read


കാസർകോട്‌

കാസർകോട്‌ ഗവ. മെഡിക്കൽ കോളേജിന്‌ നാഷണൽ മെഡിക്കൽ കമീഷന്റെ (എൻഎംസി) അംഗീകാരം ലഭിച്ചത്‌ സംസ്ഥാന സർക്കാർ അടിസ്ഥാന സ‍ൗകര്യങ്ങളും അക്കാദമിക സാഹചര്യവും കൃത്യമായി ഒരുക്കിയതിലൂടെ. എൻഎംസി അനുമതി ചൊവ്വാഴ്‌ച ലഭിച്ചയുടൻ, ആദ്യ എംബിബിഎസ്‌ ബാച്ചിന്റെ അധ്യയനം 22ന്‌ ആരംഭിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ്‌ നടപടികളാരംഭിച്ചു.


വൈദ്യപഠനത്തിനുള്ള എല്ലാ സ‍ൗകര്യങ്ങളും അടിയന്തരമായി സജ്ജമാക്കാൻ ആരോഗ്യമന്ത്രിയുടെ ഓഫീസ്‌ നിർദേശിച്ചു. മെഡിക്കൽ കോളേജിനോടനുബന്ധിച്ച്‌ 60 സീറ്റുള്ള നഴ്‌സിങ് കോളേജ്‌ നേരത്തേ പ്രവർത്തനം ആരംഭിച്ചിരുന്നു. കാസർകോട്‌ ജില്ലയ്‌ക്ക്‌ ഓണസമ്മാനമാകും എൽഡിഎഫ്‌ സർക്കാർ നേടിയെടുത്ത എൻഎംസി അനുമതി.

50 എംബിബിഎസ്‌ സീറ്റുകളിലാണ്‌ ഇവിടെ പ്രവേശനം. ആദ്യ ഘട്ടത്തിൽ കാസർകോട്‌ ജനറൽ ആശുപത്രിയിലാണ്‌ പ്രായോഗിക പരിശീലനം. ഉക്കിനടുക്കയിൽ നിർമാണം പുരോഗമിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിൽ തിയറി ക്ലാസ്‌മുറികൾ സജ്ജമാക്കും.


ഒന്നാം വർഷം അവസാനിക്കുന്പോഴേക്ക്‌ പ്രായോഗിക പരിശീലനവും ഉക്കിനടുക്ക ക്യാന്പസിലേക്ക്‌ മാറ്റാനാകും. ഹോസ്‌റ്റൽ സ‍ൗകര്യം ഉൾപ്പെടെ അടിയന്തരമായി സജ്ജമാക്കും. സംസ്ഥാനത്ത്‌ മെഡിക്കൽ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്‌ തുടങ്ങാനിരിക്കെയാണ്‌ കാസർകോട്ട്‌ എംബിബിഎസ്‌ പ്രവേശനത്തിന്‌ അനുമതിയായത്‌.


മെഡിക്കൽ കോളേജിന്റെ നിർമാണത്തിന്‌ കിഫ്‌ബി ഫണ്ടിൽനിന്ന്‌ 160 കോടിയുടെ ഭരണാനുമതിയാണ്‌ സംസ്ഥാന സർക്കാർ നൽകിയത്‌. ആശുപത്രി ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുന്നു. അക്കാദമിക്‌ സമുച്ചയം പൂർത്തിയായി. എട്ടു കോടി രൂപ ചെലവിൽ ജലവിതരണ സംവിധാനം സജ്ജമാക്കുന്നു. മുൻ കരാറുകാരന്‌ നൽകാനുള്ള കുടിശ്ശികയുൾപ്പെടെ തീർക്കാൻ 56 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. 29 കോടി ചെലവഴിച്ച് ഹോസ്റ്റലിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്‌. ന്യൂറോളജി ഉൾപ്പെടെയുള്ള സ്‌പെഷ്യലിസ്‌റ്റ്‌ ചികിത്സാസംവിധാനങ്ങൾ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്‌. 273 തസ്തിക സൃഷ്ടിച്ച് നിയമനവും നടത്തി.


ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, പാത്തോളജി, ന്യൂറോളജി, നെഫ്രോളജി, കമ്യൂണിറ്റി മെഡിസിന്‍, ഡെര്‍മറ്റോളജി, ഇഎന്‍ടി, റെസ്പിറേറ്ററി മെഡിസിന്‍, ഒഎംഎഫ്എസ്, സൈക്യാട്രി വിഭാഗങ്ങളുടെ ഒപി പ്രവർത്തിക്കുന്നുണ്ട്‌. എൻഡോസൾഫാൻ ദുരതിബാധിതരുടെ തുടർചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ എൻഎംസി അനുമതിക്കായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.​


ബംബറടിച്ച് വയനാട്

തുരങ്കപാതയുടെ നിർമാണോദ്‌ഘാടനത്തിന്‌ പിന്നാലെ വയനാട്‌ മെഡിക്കൽ കോളേജും യാഥാർഥ്യമാക്കി സംസ്ഥാന സർക്കാർ. സർക്കാർ മെഡിക്കൽ കോളേജ്‌ എന്ന പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ്‌ അംഗീകാരമായത്‌. മാനന്തവാടിയിലെ മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ എൻഎംസി അനുമതി ലഭ്യമായതോടെ ഇ‍ൗ അധ്യയനവർഷം എംബിബിഎസ്‌ ക്ലാസ്‌ ആരംഭിക്കും.


സംസ്ഥാനത്ത്‌ മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ്‌ പൂർത്തിയായി. രണ്ടാം അലോട്ട്‌മെന്റ്‌ മുതൽ വയനാടും ഉൾപ്പെടും. കഴിഞ്ഞ ഒന്പത്‌ വർഷത്തെ എൽഡിഎഫ്‌ സർക്കാരിന്റെ പരിശ്രമമാണ്‌ മെഡിക്കൽ കോളേജ്‌ എന്ന സ്വപ്‌നം യാഥാർഥ്യമാക്കിയത്‌. ജില്ലാ ആശുപത്രിയിൽ എട്ടുനിലയിൽ മൾട്ടിപർപ്പസ്‌ കെട്ടിടം നിർമിച്ചായിരുന്നു മെഡിക്കൽ കോളേജിനായുള്ള തുടക്കം. 45 കോടിയുടെ കെട്ടിടസമുച്ചയം നിർമിച്ച്‌ ഒന്നാം പിണറായി സർക്കാർ 2021 ഫെബ്രുവരി 12ന്‌ ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തി. അടിസ്ഥാന സ‍ൗകര്യ വികസനത്തിലും ചികിത്സയിലും വലിയ മുന്നേറ്റമുണ്ടായി.


wayanad


115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിച്ച്‌ നിയമനം നടത്തി.കാത്ത്‌ലാബ്‌ നിർമിച്ചു. ലേബര്‍ റൂം സ്റ്റാന്‍ഡേർഡൈസേഷന്‍ നടപ്പാക്കി. പീഡിയാട്രിക് ഐസിയു സജ്ജീകരിച്ചു. അരിവാൾ രോഗ ചികിത്സയ്‌ക്ക്‌ സംസ്ഥാനത്ത്‌ ആദ്യമായി പ്രത്യേക യൂണിറ്റ്‌ കൊണ്ടുവന്നു. ആറ്‌ ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കി. ആശുപത്രിയോട്‌ ചേർന്ന്‌ രണ്ട്‌ വർഷം മുന്പ്‌ ബിഎസ്‌സി നഴ്‌സിങ് കോളേജ്‌ ആരംഭിച്ചു. ജനറൽ മെഡിസിൻ, സർജറി, ദന്തല്‍, നേത്ര, അസ്ഥി രോഗ വിഭാഗ ചികിത്സയിലും മുന്നേറ്റമുണ്ടായി.






deshabhimani section

Related News

View More
0 comments
Sort by

Home