Deshabhimani

പെൻഷനുമില്ല മരുന്നുമില്ല; പെൻഷൻ മുടങ്ങിയതോടെ ദുരിതത്തിലായി എൻഡോസൾഫാൻ ദുരന്തബാധിതർ

Endosulfan.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 26, 2026, 04:19 PM | 1 min read

കാസർകോട്: സംസ്ഥാന സർക്കാർ നൽകിവരുന്ന പ്രതിമാസ പെൻഷനും സൗജന്യ മരുന്ന് വിതരണവും മുടങ്ങിയതോടെ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ ദുരിതത്തിലേക്ക്. കഴിഞ്ഞ മൂന്ന് മാസമായി ഇവർക്ക് പെൻഷൻ തുക ലഭിക്കുന്നില്ല.


ഇതിനുപുറമേ, ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയതിനെ തുടർന്ന് നീതി മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള സൗജന്യ മരുന്ന് വിതരണവും പൂർണ്ണമായി നിലച്ചിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് ദുരിതബാധിതർക്ക് അവസാനമായി പെൻഷൻ തുക അക്കൗണ്ടിലെത്തിയത്.


ഈ തുക മാത്രം ആശ്രയിച്ച് മരുന്നും നിത്യനിദാന ചെലവുകളും കണ്ടെത്തുന്ന നൂറുകണക്കിന് നിർധന കുടുംബങ്ങളാണ് ഇപ്പോൾ പട്ടിണിയുടെയും കടുത്ത ആരോഗ്യ പ്രതിസന്ധിയുടെയും വക്കിലായിരിക്കുന്നത്.


ദുരിതബാധിതർക്ക് ആവശ്യമായ വിലകൂടിയ മരുന്നുകൾ സൗജന്യമായി നൽകിയിരുന്ന നീതി മെഡിക്കൽ സ്റ്റോറുകൾക്ക് സർക്കാർ നൽകാനുള്ളത് 44 ലക്ഷത്തിലധികം രൂപയാണ്. കുടിശിക തുക കുന്നുകൂടിയതോടെ മരുന്ന് വിതരണം തുടരാനാകില്ലെന്ന് മെഡിക്കൽ സ്റ്റോർ അധികൃതർ വ്യക്തമാക്കുകയായിരുന്നു.


ഇതോടെ ദൈനംദിന ജീവിതത്തിൽ കടുത്ത വേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവിക്കുന്ന രോഗികൾക്ക് കൃത്യമായി മരുന്ന് വാങ്ങാൻ കഴിയാത്ത സാഹചര്യമാണ്. എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസവും സംരക്ഷണവും സർക്കാർ പൂർണ്ണമായി ഏറ്റെടുക്കുമെന്ന ബജറ്റ് പ്രഖ്യാപനം നിലനിൽക്കെയാണ് ഈ അവഗണന.


വിഡി സതീശൻ ഇടപെടണം, ഇത് സർക്കാരിന്റെ ഉത്തരവാദിത്തം: പികെ ശ്രീമതി


എൻഡോസൾഫാൻ ദുരിതബാധിതരുടെ പെൻഷനും മരുന്നും മുടങ്ങിയ വിഷയം അതീവ ഗൗരവമുള്ളതാണെന്നും സർക്കാർ ഇതിൽ പ്രഥമ പരിഗണന നൽകി അടിയന്തരമായി ഇടപെടണമെന്നും സിപിഐ എം നേതാവ് പികെ ശ്രീമതി ആവശ്യപ്പെട്ടു.


സർക്കാർ ഇവർക്ക് നൽകുന്നത് ഒരു ആനുകൂല്യമല്ല, മറിച്ച് ഉത്തരവാദിത്തമാണ്. തെരഞ്ഞെടുപ്പ് വരെ ഇവർക്ക് ആനുകൂല്യങ്ങൾ കൃത്യമായി ലഭിച്ചിരുന്നു. അതിനുശേഷം നിലവിൽ വന്ന പുതിയ സർക്കാരാണ് ഇപ്പോൾ വീഴ്ച വരുത്തിയിരിക്കുന്നത്.


മുഖ്യമന്ത്രി വിഡി സതീശൻ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും പികെ ശ്രീമതി ആവശ്യപ്പെട്ടു. ദുരിതബാധിതർക്ക് ജീവൻ നിലനിർത്താൻ ആവശ്യമായ പെൻഷനും മരുന്നും യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ഭരണകൂടം തയ്യാറാകണമെന്നാണ് ജനകീയ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home