ചികിത്സാപ്പിഴവിൽ വീട്ടമ്മയുടെ മരണം
മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഡിവൈഎഫ്‌ഐ ഉപരോധിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിൽ വീട്ടമ്മ മരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചപ്പോൾ
കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹെർണിയ ശസ്‌ത്രക്രിയക്കുശേഷം ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചു. തിങ്കൾ രാവിലെ പത്തിന് ആരംഭിച്ച ഓഫീസ് ഉപരോധം രണ്ടരമണിക്കൂർ നീണ്ടു. ചികിത്സാപ്പിഴവ് സംബന്ധിച്ച് മെഡിക്കൽ കോളേജിന് പുറത്തുനിന്നുള്ള ഡോക്‌ടർമാർ അടങ്ങുന്ന സംഘം അന്വേഷിക്കാമെന്നും ആരോഗ്യ വിദ്യാഭ്യാസ ഡയറക്‌ടർ ഇതുസംബന്ധിച്ച് ഉത്തരവിറക്കുമെന്നുമുള്ള ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ഡോ. വർഗീസ് പി പൂന്നൂസ് ആരോഗ്യമന്ത്രിയുടെ ഓഫീസുമായി സംസാരിച്ചശേഷമാണ് ഉറപ്പ് നൽകിയത്. ഉറപ്പുപ്രകാരം നിഷ്‌പക്ഷ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ വീണ്ടും സമരം ചെയ്യുമെന്ന് ഡിവൈഎഫ്‌ഐ ഭാരവാഹികൾ അറിയിച്ചു. സമരത്തെ തുടർന്ന് വൈകിട്ടോടെ അന്വേഷണത്തിന് ഉത്തരവിറങ്ങി. ഹെർണിയ ശസ്‌ത്രക്രിയ നടത്തിയ ചങ്ങനാശേരി പുതൂർപ്പള്ളി പുതുപറമ്പിൽ ഹസീന(49) ആണ് രണ്ടിന് പുലർച്ചെ മരിച്ചത്. അധികൃതരുടെ ഗുരുതര അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് കുടുംബം പൊലീസിന് പരാതിനൽകിയിരുന്നു. ശസ്‌ത്രക്രിയക്കുശേഷം ആരോഗ്യനില വഷളായ അവസ്ഥയിൽ രോഗിയെ പാരസെറ്റാമോൾ നൽകി വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. രോഗം മൂർച്ഛിച്ച നിലയിൽ വീണ്ടും ആശുപത്രിയിലെത്തിച്ചിട്ടും കൃത്യമായ ചികിത്സ നൽകിയില്ല. രോഗി മരിച്ചിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാത്തതിനെത്തുടർന്നാണ് ഡിവൈഎഫ്‌ഐ സൂപ്രണ്ട് ടിജി തോമസ് വർഗീസിനെ ഉപരോധിച്ചത്. വകുപ്പുതല അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടറി ടി എസ് ശരത്, പ്രസിഡന്റ് അർച്ചന സദാശിവൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ റിജേഷ് കെ ബാബു, എൻ ആർ വിഷ്‌ണു, വൈസ് പ്രസിഡന്റുമാരായ ബി ഗൗതം, എം എസ് ദീപക്, ജില്ലാ സെക്രട്ടറിയറ്റംഗം ആനന്ദ് ബാബു എന്നിവർ സമരത്തിന് നേതൃത്വംനൽകി.









0 comments