ഒമ്പത് വർഷത്തെ നിയമപോരാട്ടം; ബുക്ക് ചെയ്ത കാർ നൽകിയില്ല, പ്രവാസിക്ക് 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കാസർകോട്: കാർ ബുക്ക് ചെയ്ത് ഒമ്പത് വർഷം പിന്നിട്ടിട്ടും വാഹനം കൈമാറാത്ത ഡീലറുടെ നടപടിക്കെതിരെ ഉപഭോക്തൃ കോടതിയുടെ കർശന ഇടപെടൽ. കാസർകോട് ബേക്കൽ ഹദ്ദാദിലെ പ്രവാസി ഹംസ കുന്നിലിന് 29.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.
കാസർകോട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ വിധി സംസ്ഥാന കമ്മീഷൻ ശരിവെക്കുകയായിരുന്നു. 2016-ലാണ് ഹംസ കുന്നിൽ കാഞ്ഞങ്ങാട്ടെ പോപ്പുലർ കാർ ഷോറൂമിൽ നിന്ന് 11.21 ലക്ഷം രൂപ നൽകി മാരുതി സുസുക്കി വിറ്റാര ബ്രസ കാർ ബുക്ക് ചെയ്തത്.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കാർ കൊണ്ടുവരുന്ന വഴിയിൽ അപകടത്തിൽപ്പെട്ടുവെന്ന മറുപടിയാണ് ഡീലർ നൽകിയത്. ഇതിനു പകരമായി പുതിയ വാഹനം ലഭിക്കുന്നത് വരെ രണ്ട് ശതമാനം പലിശ നൽകാമെന്ന ഡീലറുടെ വാഗ്ദാനം ഹംസ നിരസിച്ചിരുന്നു.
വാഹനത്തിനായി അടച്ച 11,19,710 രൂപ 14 ശതമാനം വാർഷിക പലിശയോടെ (2016 ഡിസംബർ മുതൽ) തിരികെ നൽകാൻ കോടതി നിർദ്ദേശിച്ചു. ഇതിന് പുറമെ മാനസിക വിഷമത്തിന് 3 ലക്ഷം രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായും നൽകണം.
ഇതെല്ലാം ചേർത്താണ് ആകെ തുക 29 ലക്ഷത്തിന് മുകളിലെത്തിയത്. ഇതിനകം 25 ലക്ഷം രൂപ ഹംസയുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. വാഹനം വാങ്ങാനായി മാത്രം ഗൾഫിൽ നിന്നെത്തിയ തനിക്ക് നേരിടേണ്ടി വന്ന നഷ്ടങ്ങൾക്കും മാനസിക വിഷമത്തിനുമുള്ള നീതിയാണ് ഈ വിധിയെന്ന് ഹംസ പറഞ്ഞു.










0 comments