ad
Deshabhimani

print edition കാസർകോട് 400 കെവി സബ്‌സ്റ്റേഷൻ: ഭാവിപദ്ധതിയെ താറടിക്കാൻ വ്യാജ പ്രചാരണം

electricity act amendment
avatar
സ്വന്തം ലേഖകൻ

Published on Aug 05, 2026, 12:00 AM | 1 min read

തിരുവനന്തപുരം: വനവൽക്കരണത്തിന്‌ നീക്കിവച്ച 42 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് എൽഡിഎഫ്‌ സർക്കാർ സൗജന്യമായി കൈമാറിയെന്ന്‌ വ്യാജ പ്രചാരണം. ഉടുപ്പി – കാസർകോട് 400 കെവി ലൈനും കാസർകോട് 400 കെവി സബ്‌സ്റ്റേഷനുമായി ബന്ധപ്പെടുത്തിയാണ്‌ കളളം പ്രചരിപ്പിക്കുന്നത്‌. വടക്കൻ ജില്ലകൾ നേരിടുന്ന വൈദ്യുതി പ്രസരണ പ്രശ്നം പരിഹരിക്കാനാണ്‌ സബ്‌സ്‌റ്റേഷൻ പദ്ധതി.


അന്തർ സംസ്ഥാന ലൈൻ ആയതിനാൽ പദ്ധതി കേരളത്തിന് നേരിട്ട് നടത്താനാകില്ല. കേന്ദ്ര സർക്കാരിന്റെ പവർഗ്രിഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയാണ്‌ പ്രവൃത്തികൾ ചെയ്യേണ്ടത്‌. മോദി സർക്കാർ താരിഫ് ബേസ്‌ഡ് ലേലത്തിലൂടെ സ്വകാര്യ സ്ഥാപനങ്ങൾക്ക്‌ പദ്ധതി നൽകാൻ തീരുമാനിച്ചു. ഇതോടെ വേദാന്ത ഗ്രൂപ്പിന്റെ സ്‌റ്റെർലൈറ്റിന്‌ പദ്ധതി ലഭിച്ചു. തുടർന്ന്‌, ഭൂമി അനുവദിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമായി. ഇതിനായി 2024 ജൂലൈ 11ന് കിനാനൂർ– കരിന്തളം പഞ്ചായത്തിലെ കയനിയിൽ 42.6 ഏക്കർ റവന്യൂ ഭൂമി സ്‌റ്റെർലൈറ്റിന്റെ ഉടുപ്പി– കാസർകോട് ട്രാൻസ്‌മിഷൻ ലിമിറ്റഡിന്‌ അനുവദിച്ചു. സെപ്തംബറിൽ കമീഷൻ ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിർമാണം പുരോഗമിക്കുകയാണ്‌.


മലയോര ഹൈവേയ്‌ക്ക്‌ ഏറ്റെടുത്ത വനഭൂമിക്ക് പകരമായി വനവൽക്കരണത്തിന് നീക്കിവെച്ച ഭൂമിയാണ്‌ കേന്ദ്ര വൈദ്യുത പദ്ധതിക്ക് നിയമപ്രകാരം ഏറ്റെടുത്ത്‌ നൽകിയത്‌. ഗ്രീൻ എനർജി കോറിഡോർ പദ്ധതിയുടെ ഭാഗമാണിത്‌. കാസർകോട് ജില്ലയിലെ സോളാർ പാർക്കിന്‌ അടക്കം സ്ഥിരതയുള്ള വൈദ്യുതി പ്രസരണ സംവിധാനം ഉറപ്പാക്കാൻ പദ്ധതി അനിവാര്യവുമാണ്‌.


2014-–15ൽ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പദ്ധതിയുടെ ചർച്ചകൾ തുടങ്ങിയെങ്കിലും കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരാണ്‌ പദ്ധതി പ്രവർത്തികമാക്കാൻ മുൻകൈയെടുത്തത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിലച്ച ഇടമൺ– കൊച്ചി പവർ ഹൈവേ അടക്കം വൈദ്യുതി മേഖലയിലെ പദ്ധതികൾ വലിയ വെല്ലുവിളികളെ അതിജീവിച്ചാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home