print edition കെഎഎസ് അട്ടിമറി; അന്തിമചട്ടത്തിനും തിരക്കിട്ട നീക്കം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സിവിൽ സർവീസായ കെഎഎസ് അട്ടിമറിക്കാനുള്ള അന്തിമചട്ടവും അതിവേഗം വിജ്ഞാപനംചെയ്യാനുള്ള തയ്യാറെടുപ്പിൽ സർക്കാർ. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി ജനുവരിയിൽ അവസാനിക്കുകയാണെന്നതിന്റെ പേരിലാണ് ചട്ടഭേദഗതിക്ക് തിരക്കിട്ട നീക്കം. നിയമനത്തിലും സ്ഥാനക്കയറ്റ രീതികളിലും മാറ്റംവരുത്തി കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുമ്പോൾ പിഎസ്സിയുമായി കൂടിയാലോചിക്കേണ്ടതുണ്ടെങ്കിലും അടിയന്തര നിയമനങ്ങളുടെ പേരുപറഞ്ഞ് സ്വാഭാവിക നടപടിക്രമങ്ങൾ പാലിക്കുന്നില്ല. 2018 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ ചട്ടം ഭേദഗതി ചെയ്യുന്നതിനാൽ നിലവിലെ ജീവനക്കാരെയും റാങ്ക് പട്ടികയിലുള്ളവരെയും ബാധിക്കും.
കെഎഎസിന്റെ സ്വതന്ത്രഘടനയും സുതാര്യതയും തകർത്ത് ഏത് തസ്തികയിൽ, എപ്പോൾ, എത്ര നിയമനം നടത്തണമെന്നത് സർക്കാരിന്റെ വിവേചനാധികാരത്തിലേക്കും എക്സിക്യൂട്ടീവ് ഉത്തരവുകളിലേക്കും മാറ്റുകയാണ് ലക്ഷ്യം. കരട് ഭേദഗതി ചട്ടങ്ങളിലൂടെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും ശമ്പള സുരക്ഷയും നിയമന അവസരങ്ങളും ഇല്ലാതാകും. കെഎഎസ് ഒഴിവുകൾ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ രൂപീകരിച്ച പഞ്ചവത്സര റിവ്യൂ കമ്മിറ്റിയെയും ഒഴിവാക്കി.
ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനുള്ള എല്ലാ ഉറപ്പും പുതിയ ചട്ടത്തിൽ എടുത്തുകളഞ്ഞു. രണ്ടാം ഗസറ്റഡ് തസ്തികകളിലും ഉയർന്ന പദവികളിലും വരുന്ന ഒഴിവുകളിൽ മൂന്നിലൊന്ന് കെഎഎസിന് മാറ്റിവെക്കുന്ന രീതി നിർത്തലാക്കി. ജൂനിയർ തലം മുതൽ സൂപ്പർ ടൈം സ്കെയിൽ വരെയുള്ള തസ്തികകൾ കൃത്യമായ അനുപാതത്തിൽ (6:5:4:3) വീതിക്കണമെന്ന വ്യവസ്ഥയും ഉയർന്ന തസ്തികകളിൽ 10 ശതമാനം മാറ്റിവയ്ക്കുന്ന രീതിയും ഒഴിവാക്കി. സർക്കാർ സർവീസിലെ ഒന്നാം ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് കെഎഎസിലേക്ക് വരാനുള്ള സ്ട്രീം 3 അവസരങ്ങളും ഗണ്യമായി ചുരുങ്ങും. കെഎഎസിനായി മാറ്റിവെച്ച തസ്തികകളിലോ അതിന്റെ തൊട്ടടുത്ത സ്ഥാനക്കയറ്റ തസ്തികകളിലോ ഇരിക്കുന്നവർക്ക് മാത്രമേ ഇനി സ്ട്രീം3 വഴി അപേക്ഷിക്കാനാകൂ.
നിലവിലെ സർക്കാർ ജീവനക്കാർ സ്ട്രീം2, 3 വഴികളിലൂടെ കെഎഎസിലേക്ക് മാറുമ്പോൾ അവർക്ക് മുമ്പ് കിട്ടിയിരുന്ന ഉയർന്ന ശമ്പളം ഉറപ്പാക്കുന്ന പേ പ്രൊട്ടക്ഷൻ വ്യവസ്ഥയും ഒഴിവാക്കി. ശമ്പളം പരമാവധി പരിധിയിലെത്തിയാൽ ലഭിച്ചിരുന്ന പ്രത്യേക ഇൻക്രിമെന്റും ലഭിക്കില്ല. ശമ്പള സ്കെയിലിന് പുറമെ, അതിന്റെ താഴ്ന്ന തട്ടിന്റെ കുറഞ്ഞത് 10 ശതമാനമെങ്കിലും ഗ്രേഡ് പേയായി നൽകണമെന്ന ഉറപ്പും എടുത്തുകളഞ്ഞു. ഇതോടെ സീനിയർ ജീവനക്കാർ കെഎഎസിലേക്ക് വന്നാൽ ശമ്പളം കുറയുന്ന സ്ഥിതിയുണ്ടാകും.
അട്ടിമറിക്കുന്നത് നാടിന്റെ അഭിമാന സർവീസിനെ
കെഎഎസ് ചട്ടഭേദഗതിയിലൂടെ യുഡിഎഫ് സർക്കാർ അട്ടിമറിക്കുന്നത് ഭരണനിർവഹണം കാര്യക്ഷമമാക്കാൻ സാങ്കേതിക മികവും വിഷയനൈപുണ്യവുമുള്ള പുതിയ തലമുറ ഉദ്യോഗസ്ഥരെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തെ. സിവിൽ സർവീസ് പരീക്ഷയ്-ക്ക് സമാനമായി, അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ഉള്ളടക്കം പരിഗണിച്ചുള്ള സിലബസും ഉദ്യോഗാർഥികളുടെ വ്യക്തിഗുണവും വിഷയ അവഗാഹവും പരിശോധിക്കുന്ന അഭിമുഖമുൾപ്പെടെ നടത്തിയാണ് കെഎഎസിലേക്ക് നിയമനം നടത്തിയിട്ടുള്ളത്.
നിലവിൽ സർവീസിലുള്ള ഒരു ഉദ്യോഗസ്ഥരുടെയും പ്രവർത്തനത്തെക്കുറിച്ച് പരാതിയോ ആക്ഷേപമോ ഉയർന്നിട്ടില്ല. നവകേരളം കർമ പദ്ധതിമുതൽ അതിദാരിദ്ര്യമുക്ത കേരളംവരെ എൽഡിഎഫ് സർക്കാരിന്റെ എല്ലാ പദ്ധതികളിലും കെഎഎസുകാരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. മികച്ച രീതിയിൽ ഭരണനിർവഹണം മുന്നോട്ടുപോകുമ്പോഴാണ്, കാരണമില്ലാതെ ചട്ടങ്ങൾ അട്ടിമറിച്ച് ആനുകൂല്യങ്ങളും സാധ്യതകളും വെട്ടിക്കുറയ്ക്കുന്നത്.









0 comments