print edition കരുവന്നൂർ കേസ്; നേതാക്കളെ പ്രതിചേർത്തത് രാഷ്ട്രീയലക്ഷ്യത്തോടെ: സിപിഐ എം

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ സിപിഐ എം നേതാക്കളെ വിടാതെ വേട്ടയാടാനുള്ള നീക്കത്തിന്റെ തുടർച്ചയാണ് പിഎംഎൽഎ കോടതിയുടെ തീരുമാനത്തിലുടെ വ്യക്തമാകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്.
പാർടി കേന്ദ്രകമ്മിറ്റിയംഗവും എംപിയുമായ കെ രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗവും എംഎൽഎയുമായ എ സി മൊയ്തീൻ, സംസ്ഥാന കമ്മിറ്റിയംഗം എം എം വർഗീസ് തുടങ്ങിയവർക്ക് ജൂലൈ നാലിന് ഹാജരാകാൻ സമൻസ് അയച്ചിരിക്കുകയാണ്.
ബാങ്കിൽനടന്ന ക്രമക്കേടിന്റെ പേരിൽ പാർടിയേയും ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേർക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ഇവരെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ് പ്രതിചേർത്തത് എന്ന് വ്യക്തം. ബിജെപിയുടെ ദാസൻമാരായിനിന്ന് ജനനേതാക്കളെ അപകീർത്തിപ്പെടുത്താനും അതുവഴി പാർടിയെ ദുർബലപ്പെടുത്താനുമുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമാണിത്. അതിന് മുന്നിൽ കീഴടങ്ങാൻ സിപിഐ എം ഒരുക്കമല്ല.
കെ രാധാകൃഷ്ണനും എ സി മൊയ്തീനും എം എം വർഗീസുമടക്കമുള്ള നേതാക്കളെ ജനങ്ങൾക്ക് നന്നായി അറിയാം. അവർ അഴിമതി നടത്തിയെന്നോ കള്ളപ്പണം വെളുപ്പിച്ചെന്നോ ഇഡി പറഞ്ഞാൽ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങൾ. ജില്ലാ സെക്രട്ടറിമാരായിരുന്ന ഇവർ അഴിമതിക്കാരെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചവരാണ്.
സർക്കാരിനൊപ്പംനിന്ന് അഴിമതിക്കാർക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ച് നിക്ഷേപകർക്ക് പണം തിരികെനൽകാൻ സംവിധാനമുണ്ടാക്കുകയുംചെയ്തു. ആരോപണങ്ങൾ അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും പൊലീസും സഹകരണവകുപ്പും നടത്തിയ അന്വേഷണത്തെത്തുടർന്നാണ്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രാഷ്ട്രീയ താൽപര്യങ്ങളോടെ ഇഡി വന്നുകയറിയത്.
ഇല്ലാത്ത കള്ളപ്പണക്കേസ് എടുത്ത് നേതാക്കളെ അകത്താക്കി ബിജെപിക്ക് ദാസ്യവേല ചെയ്യുന്ന അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുടെ സ്ഥിതി കേരളം കണ്ടതാണ്. ഇഡി ഉദ്യോഗസ്ഥരുടെ അഴിമതി കൈയോടെ പിടികൂടിയത് വിജിലൻസാണ്. വൈരാഗ്യ ബുദ്ധിയോടെയുള്ള ഇഡിയുടെ നീക്കങ്ങളെ തിരിച്ചറിയണമെന്നും കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.










0 comments