എഎംആര്‍ പ്രതിരോധം: 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

veena george
വെബ് ഡെസ്ക്

Published on May 08, 2025, 05:04 PM | 2 min read

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി സംസ്ഥാനം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഏകദേശം പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞു. ഇതിന്റെ ഭാഗമായി 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും 5 എണ്ണം ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി എന്നുമാത്രമല്ല ഉപയോഗിക്കപ്പെടുന്നത് തന്നെ താരതമ്യേന ഭീഷണി കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് എന്ന് ഉറപ്പാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


മന്ത്രിയുടെ നേതൃത്വത്തില്‍ എഎംആര്‍ ഉന്നതതലയോഗം ചേര്‍ന്നു. പാല്, ഇറച്ചി, മീന്‍ എന്നിവയില്‍ ആന്റിബയോട്ടിക് അവശിഷ്ടം കണ്ടെത്തുന്നതിന് പരിശോധനകള്‍ ശക്തമാക്കാന്‍ യോഗം നിര്‍ദേശം നല്‍കി. കാലിത്തീറ്റകളിലേയും കോഴിത്തീറ്റകളിലേയും ആന്റിബയോട്ടിക്കുകളുടെ അളവ് കുറയ്ക്കാന്‍ സമഗ്രമായ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. കേരളത്തിലെ എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിന്റെ ഭാഗമായി ഒരു കളര്‍ കോഡിംഗ് കൊണ്ടുവരാനും തീരുമാനമായി. 3 മാസത്തിനുള്ളില്‍ എല്ലാ ആശുപത്രികളും ഇത് നടപ്പിലാക്കണം. ആന്റിബയോട്ടിക് സാക്ഷരതയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കാനും നിര്‍ദേശം നല്‍കി. ഈ മാര്‍ഗരേഖ അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കളര്‍ കോഡ് ചെയ്യും. ഈ കളര്‍ കോഡിന്റെ അടിസ്ഥാനത്തില്‍ മൈക്രോ പ്ലാന്‍ രൂപീകരിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.


ഇനിമുതല്‍ നിര്‍ബന്ധമായും ആന്റീബയോട്ടിക്കുകള്‍ തിരിച്ചറിയാനായി നീലക്കവറില്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. എല്ലാ ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും ഫാര്‍മസികളും ഇത് നടപ്പിലാക്കണം. കൂടുതല്‍ ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഐഎംഎ, എപിഐ, ഐഎപി, സിഐഡിഎസ് തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ സ്വകാര്യ മേഖലയിലേയും പ്രവര്‍ത്തനം ശക്തിപ്പെടുത്തും. 4 ലക്ഷത്തിലധികം വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി അവബോധം നല്‍കി. ഈ വര്‍ഷം ഡിസംബറോടെ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാനാണ് ലക്ഷ്യമിടുന്നത്.


രാജ്യത്ത് ആദ്യമായി എറണാകുളം ജില്ല പുറത്തിറക്കിയ ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിലുള്ള ജില്ലാതല ആന്റിബയോഗ്രാം മറ്റ് ജില്ലകളും ഘട്ടംഘട്ടമായി പുറത്തിറക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കോഴിക്കോട് നടപ്പിലാക്കിയ എന്‍പ്രൗഡ് സംസ്ഥാന വ്യാപകമാക്കുന്നതാണ്. 2018ല്‍ ഒരു എഎംആര്‍ ലാബ് മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് എല്ലാ ജില്ലകളിലും എഎംആര്‍ ലാബുകള്‍ സ്ഥാപിക്കാനായി. ഈ ലാബുകളിലൂടെ ഓരോ മാസവും 10,000 ഓളം സാമ്പിളുകള്‍ ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയില്‍ പരിശോധിച്ചു വരുന്നു. ഇതിലൂടെ സംസ്ഥാനമൊട്ടാകെ 185 ഓളം സ്‌പോക്ക് ആശുപത്രികളില്‍ നിന്ന് കള്‍ച്ചര്‍ സാമ്പിളുകള്‍ ജില്ലാ എഎംആര്‍ ലാബുകളില്‍ പരിശോധിക്കുന്നുണ്ട്.


ആന്റിബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദ്വിതീയ തലത്തിലേയും പ്രാഥമിക തലത്തിലേയും എഎംആര്‍ സര്‍വൈലന്‍സ് നടത്തുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം. 59 ത്രിതീയ ആശുപത്രികളില്‍ കാര്‍സ്‌നെറ്റ് ശൃംഖല വ്യാപിപ്പിക്കാന്‍ സാധിച്ചു. മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസര്‍ ഡോ. എം.സി. ദത്തന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home