പൂന്തുറയിൽ നിന്നുള്ള ആദ്യ വനിതാ പൈലറ്റായി കരിഷ്മ ബിൻരാജ്

കരിഷ്മ ബിൻരാജ്
തിരുവനന്തപുരം: പൂന്തുറയിൽ നിന്നുള്ള ആദ്യത്തെ വനിതാ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കി കരിഷ്മ ബിൻരാജ്. പൂന്തുറയിൽ നിന്നും മാത്രമല്ല. കുടുംബത്തിലെ തന്നെ ആദ്യ പൈലറ്റ് എന്ന സന്തോഷം കരിഷ്മയുടെ നേട്ടത്തിന് മാറ്റു കൂട്ടുന്നു. പത്ത് വയസുള്ളപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്തിരുന്ന ബന്ധുവിൽ നിന്നും വിമാനയാത്രകളെയും വനിതാ പൈലറ്റുമാരെയും കുറിച്ച് കേട്ടറിഞ്ഞ കഥകളാണ് പൈലറ്റ് എന്ന സ്വപ്നം കരിഷ്മയുടെ മനസിൽ മൊട്ടിടാന്‍ കാരണമായത്.
കരിഷ്മയുടെ വളർച്ചയ്ക്കൊപ്പം പൈലറ്റ് എന്ന സ്വപ്നവും പടർന്നു പന്തലിച്ചു. പൂന്തുറയിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന കരിഷ്മയുടെ ആഗ്രഹത്തിന് സാമ്പത്തികം വലിയൊരു വെല്ലുവിളിയായിരുന്നു. വ്യോമസേനയിലൂടെ പൈലറ്റ് പരിശീലനം നേടാനുള്ള ശ്രമവും പലകാരണങ്ങളാൽ വിഫലമായി. എങ്കിലും സ്വപ്നത്തെ മുറുകെ പിടിച്ച കരിഷ്മ 25-ാം വയസിൽ വായ്പയെടുത്ത് ദക്ഷിണാഫ്രിക്കയിലെത്തി വിമാന പറത്തൽ പരിശീലനം ആരംഭിച്ചു. പരിശീലന കാലയളവിൽ സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക സമ്മർദ്ദങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും ലക്ഷ്യത്തിൽ നിന്നും പിന്മാറാൻ കരിഷ്മ തയ്യാറായിരുന്നില്ല. എല്ലാ പ്രതിസന്ധികൾക്കുമൊടുവിൽ പ്രൈവറ്റ് പൈലറ്റ് ലൈസൻസ് കരിഷ്മ നേടി.
“ഞാൻ എത്തിയത് ലക്ഷ്യസ്ഥാനത്തല്ല, യാത്രയുടെ തുടക്കത്തിലാണ്. എന്നാൽ ഒരിക്കലും ഉപേക്ഷിക്കാതിരുന്ന ആ പത്ത് വയസുകാരിയുടെ സ്വപ്നം ഇന്ന് യാഥാർഥ്യമായതിൽ ഏറെ അഭിമാനമുണ്ട്,” കരിഷ്മ പറഞ്ഞു. ജീവിതത്തിലെ സാഹചര്യങ്ങൾ സ്വപ്നങ്ങൾക്ക് തടസമാകരുതെന്നും, വൈകിയാലും സ്വന്തം സ്വപ്നങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.









0 comments