print edition ബന്ധുക്കൾക്കൊപ്പമെത്തി ‘മരിച്ച’ കപാലി ദേവി

കോഴിക്കോട് : മരിച്ചെന്ന് ബന്ധുക്കൾ വിധിയെഴുതിയ കപാലിദേവി പത്തുവർഷത്തിനിപ്പുറം സ്വന്തം വീട്ടിലേക്ക്, ഉറ്റവർക്കടുത്തേയ്ക്ക് മടങ്ങി. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലും ആശാഭവനിലും കഴിഞ്ഞ് പത്തുവർഷത്തിനുശേഷമാണ് ജാർഖണ്ഡ് സ്വദേശിനിയായ കപാലിദേവി ജന്മനാട്ടിലേക്ക് മടങ്ങിയത്.
അലഞ്ഞുതിരിഞ്ഞ നിലയിൽ 2016ലാണ് പൊലീസ് ഇവരെ മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചത്. രണ്ടുവർഷം ഇവിടെ ചികിത്സയിൽ കഴിഞ്ഞു. അതിനുശേഷം 2018ൽ പുനരധിവാസത്തിനായി ആശാഭവനിലേക്ക് മാറ്റി. രണ്ടുവർഷംമുമ്പ് സാമൂഹികപ്രവർത്തകനായ എം ശിവനാണ് കപാലിദേവിയുടെ നാടിനെക്കുറിച്ച് അന്വേഷിച്ചത്. ജന്മനാടിനെക്കുറിച്ച് ഇവർക്ക് കാര്യമായ ഓർമകളുണ്ടായിരുന്നില്ല. ധൻബാദിലെ മാഞ്ചി ബസ്തിയെക്കുറിച്ച് അവർ പറഞ്ഞു. ഇൗ സൂചനയിൽനിന്ന് മാഞ്ചി ബസ്തി ഗ്രാമത്തിന്റെ പരിധിയിലുള്ള പുർബി ധുണ്ഡി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. പുർബി ദുണ്ഡി ബ്ലോക്കിലെ വിദൂര ആദിവാസി മേഖലയിൽ കഴിയുന്ന കപാലിയുടെ ബന്ധുക്കളെ കണ്ടെത്തി.
കപാലി മരണപ്പെട്ടുവെന്ന് കരുതി ബന്ധുക്കൾ വർഷങ്ങൾക്ക് മുമ്പേ അന്ത്യകർമങ്ങൾ നടത്തിയെന്ന് പൊലീസ് കണ്ടെത്തി. കപാലി ജീവിച്ചിരിപ്പുണ്ടെന്ന് ബന്ധുക്കളെ അറിയിച്ചിട്ടും ആരും വിശ്വസിച്ചില്ല. ബന്ധുക്കളിൽ ഒരാളെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള പൊലീസിന്റെ ശ്രമങ്ങളും നടന്നില്ല. ധൻബാദിലെ എഡിഎമ്മിനെയും ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറെയും ബന്ധപ്പെട്ടാണ് കുടുംബത്തെ കപാലിയുമായി ബന്ധപ്പെടുത്തിയത്. കൗൺസിലറും രണ്ട് ജീവനക്കാരുമടങ്ങുന്ന സംഘമെത്തിയാണ് കപാലിയെ നാട്ടിലേക്ക് കൊണ്ടുപോയത്.











0 comments