Deshabhimani

print edition അധ്യാപികമാർ ഉൾപ്പെട്ട മയക്കുമരുന്ന് കേസ്‌; മുഖ്യപ്രതി കണ്ണൂരിലെ മയക്കുമരുന്ന് കേസിൽ പിടിയിൽ

sHINTO

ഷിന്റോ

വെബ് ഡെസ്ക്

Published on Nov 19, 2026, 01:30 AM | 1 min read

കണ്ണൂർ : അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതിയെ കണ്ണൂരിലെ മയക്കുമരുന്ന് കേസിലും പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി അമരക്കുനി പാടിച്ചിറ അമ്പാട്ട് ഹൗസിൽ ഷിന്റോ എന്ന ഷൈൻ (25) ആണ് സിറ്റി പൊലീസ് കമീഷണർ വിജയ്ഭാരത് റെഡിയുടെ നിർദേശ പ്രകാരം കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്‌റ്റ് ചെയ്തത്.


സമഗ്രശിക്ഷ കേരളയുടെ പേരാമ്പ്ര ബിആർസിയിൽ ജോലി ചെയ്തിരുന്ന കീർത്തന, കാവ്യ, ഗ്രീഷ്മ എന്നിവരെ എംഡിഎംഎയുമായി മാസങ്ങൾക്ക് മുന്പ്‌ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കോഴിക്കോട് വാണിമേൽ സ്വദേശി കെ സി അജ്‌നാസ്, തലശേരി സ്വദേശി ഇ‌ പി മുഹമ്മദ് സമീർ എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ലഹരി കടത്ത് ശൃംഖലയിലെ പ്രധാന കണ്ണി ഷിന്റോയാണെന്ന് വിവരം ലഭിച്ചത്.


ഇതിനിടയിലാണ് ഒമ്പതിന് രാത്രി തളാപ്പ് ഗ്രീൻ സൂപ്പർമാർക്കറ്റിന് പിറകിലുള്ള റോഡിൽ ഇരുചക്രവാഹനങ്ങളിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്നുപേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണ ഗാർഡനിൽ ഉദയകൃഷ്ണ (25), ചാലാട് മണൽ കൃഷ്ണ റോഡ് ഹാജിദ ക്വാർട്ടേഴ്‌സിലെ കെ വിഷ്ണു (26), ഇടച്ചേരി മുത്തപ്പൻ കാവിന് സമീപത്തെ പാർവതി നിവാസിൽ പി ഹൃതിൻ എന്ന കുട്ടു (27) എന്നിവരെ 51.54 ഗ്രാം എംഡിഎംഎ സഹിതം പിടികൂടിയത്.


ചോദ്യം ചെയ്തപ്പോൾ എംഡിഎംഎ ഇവർക്ക് എത്തിച്ചുനൽകിയത് ഷിന്റോയാണെന്ന് വ്യക്തമായി. അന്വേഷണത്തിൽ ഇയാൾ ഹൈദരാബാദിൽ ഒളിച്ചുതാമസിക്കുകയാണെന്ന്‌ പൊലീസിന് സൂചന ലഭിച്ചു. ഒളിത്താവളം കണ്ടെത്തി ഷിന്റോയെ പിടികൂടി ബുധനാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ എത്തിച്ചത്. കണ്ണൂരിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.


കണ്ണൂർ ടൗൺ എസ്ഐ ടി കെ അഖിൽ, സീനിയർ സിപിഒ നിഷാന്ത്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരുവിൽനിന്ന് എംഡിഎംഎ കടത്തി വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഷിന്റോയെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home