print edition കണ്ണൂർ വിമാനത്താവളത്തോട് അവഗണന; പോയിന്റ് ഓഫ് കോൾ പദവി തരില്ലെന്ന് വീണ്ടും കേന്ദ്രം

മട്ടന്നൂർ സുരേന്ദ്രൻ
Published on Aug 08, 2026, 12:32 AM | 1 min read
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വികസന പ്രതീക്ഷകൾ തച്ചുടച്ച് വീണ്ടും പോയിന്റ് ഓഫ് കോൾ പദവി നിഷേധിച്ച് കേന്ദ്ര വ്യോമമന്ത്രാലയം. മെട്രോ നഗരത്തിലല്ല കണ്ണൂർ വിമാനത്താവളമെന്നാവർത്തിച്ചാണ് കേന്ദ്രം തുടർച്ചയായ പദവി നിഷേധം. മെട്രോ നഗരമല്ലാത്ത ഗോവയിലെ മേപ്പയയിലും ബംഗാളിലെ ബാഗ് ദോഗ്രയിലും ആൻഡമാനിലെ പോർട്ട്ബ്ലെയറിലും സമീപകാലത്ത് പദവി അനുവദിച്ച സർക്കാരാണ് കണ്ണൂരിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് തുടരുന്നത്. വ്യോമയാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
വിമാനത്താവള വികസനത്തിന് കുതിപ്പേകുന്നതും വിദേശ വിമാന കമ്പനികൾക്ക് നേരിട്ട് സർവീസ് സാധ്യമാക്കുന്നതുമായ പോയിന്റ് ഓഫ് കോൾ പദവിക്കായി മുൻ എൽഡിഎഫ് സർക്കാർ നിന്തരം കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയിരുന്നു. ഒന്നിലേറെത്തവണ നിവേദനവും നൽകി. വിമാനത്താവളം ഉദ്ഘാടനംചെയ്ത അന്നുമുതൽ ഈയാവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും കേന്ദ്രം രാഷ്ട്രീയവിരോധംവച്ച് നിഷേധിച്ചു. ഇതിന്റെ തുടർച്ചതന്നെയാണ് പാർലമെന്റിലെ പുതിയ പ്രഖ്യാപനവും.
കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് എന്നിവയ്ക്കുപുറമെ കർണാടകത്തിന്റെ ഭാഗമായ കുടക്, വീരാജ്‌പേട്ട പ്രദശങ്ങളിൽനിന്നുള്ള വലിയൊരു ജനവിഭാഗം കണ്ണൂർ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന വിമാനത്താവളത്തെ ഞെരുക്കി ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. കോവിഡ് കാലത്ത് വൈഡ് ബോഡി വിമാനങ്ങളും ഹജ്ജ് യാത്രക്കാർക്കായി സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങളും ഇവിടെനിന്ന് പറന്നിട്ടുണ്ട്. വലിയ വിമാനങ്ങൾക്ക് കണ്ണൂരിൽ പറന്നിറങ്ങുന്നതിനും പറന്നുയരുന്നതിനും തടസമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
കണ്ണൂർ ഇന്റനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) മാനേജിങ് ഡയറക്ടർ സി ദിനേശ്കുമാറും ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അശ്വനികുമാറും വകുപ്പുമന്ത്രിയെക്കണ്ട് പദവി ലഭിക്കുന്നതുൾപ്പെടെ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് നിവേദനം നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പും നൽകി. രാജ്യസഭയിലെ പ്രഖ്യാപനത്തോടെ മന്ത്രിയുടെ ഉറപ്പിനും വിലയില്ലാതായി.










0 comments