ജോലി വാഗ്ദാനംചെയ്‌ത് പണം പിരിച്ചെന്ന ആരോപണം
print edition കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷംകഴിച്ച് ഗുരുതരാവസ്ഥയിൽ

കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ ജോലി വാഗ്ദാനംചെയ്‌ത് പണം പിരിച്ചെന്ന ആരോപണം നേരിടുന്ന കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ. കക്കാട് മണ്ഡലം സെക്രട്ടറി ടി പി മുരളിയാണ് എലിവിഷം അകത്തുചെന്നനിലയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വ്യാഴം രാവിലെ ഒന്പതരയോടെ അത്താഴക്കുന്നിലെ ക്വാർട്ടേഴ്‌സിലാണ് ഇയാളെ അത്യാസന്നനിലയിൽ കണ്ടത്. ആദ്യം എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ച മുരളിയെ പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തന്നെ ചില കോൺഗ്രസ് നേതാക്കൾ ബലിയാടാക്കിയെന്ന് മുരളി കുടുംബാംഗങ്ങളോട് പറഞ്ഞതായി അറിയുന്നു.
ജോലി വാഗ്ദാനംചെയ്‌ത് ആറു ലക്ഷം രൂപ താൻ കൈപ്പറ്റിയെന്ന് മുരളി പ്രാദേശിക ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് മുരളിയെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി. അത്താഴക്കുന്ന് ഭാഗത്ത് മുരളിക്കെതിരെ കോൺഗ്രസുകാർതന്നെ വ്യാപകമായി പോസ്‌റ്ററും പതിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു മുരളി. പണം നൽകിയവർക്ക് ഞായറാഴ്‌ച തിരിച്ചുനൽകുമെന്ന് മുരളി ഉറപ്പ് നൽകിയിരുന്നു.
സീൽ: കേസെടുത്തില്ല
കണ്ണൂർ കോർപറേഷനിൽ ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്യുന്ന കടലാസിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്‌റ്റാഫ് ചന്ദ്രൻ തില്ലങ്കേരിയുടെയും സീൽ എങ്ങനെ വന്നുവെന്നതുസംബന്ധിച്ച് ഇനിയും കേസ് എടുത്തില്ല. വ്യാജ സീലാണെന്ന് ആരാപിച്ച് ഡിസിസിയും ചന്ദ്രൻ തില്ലങ്കേരിയും രണ്ടുദിവസം മുന്പുതന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.
അതേസമയം, പണം നഷ്ടമായവർ പൊലീസിനെ സമീപിച്ചിട്ടില്ല. ഞായറാഴ്‌ച പണം തിരിച്ചുകിട്ടുമെന്ന വിശ്വാസത്തിലാണ് പരാതി നൽകാതിരുന്നത്. ഡിസിസിയുടെ സീൽ വ്യാജമായി ഉണ്ടാക്കിയതല്ലെന്നും ഓഫീസിലെ റിസപ്ഷന് മുന്നിലുണ്ടായ സീലാണ് ഉപയോഗിച്ചതെന്നും ടി പി മുരളി ചാനലിൽ വെളിപ്പെടുത്തിയിരുന്നു.









0 comments