ഞങ്ങളുടെ മെമ്പർ ‘ഡോക്‌ടറായി’ !

പിഎച്ച്ഡി നേടിയ പടിയൂർ–കല്യാട് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ രാകേഷിന് പതിനഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ നൽകിയ അനുമോദനം(ഇടത്), കെ രാകേഷ്

അതുൽ ബ്ലാത്തൂർ
Published on Sep 25, 2025, 01:25 PM | 1 min read
കണ്ണൂർ: ഗ്രാമസഭ, സബ്‌കമ്മിറ്റി, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകർമസേന, ജലബജറ്റ്, മാപ്പത്തോൺ, കൃഷിക്കൂട്ടം, ലൈഫ് പദ്ധതി, മാലിന്യനിർമാർജനം, സ്‌ത്രീപദവീ പഠനം, ബാലസൗഹൃദഗ്രാമം, അതിദാരിദ്ര്യമുക്തം, അടിസ്ഥാനസൗകര്യവികസനം... ഒറ്റശ്വാസത്തിൽ പറഞ്ഞുതീർക്കാനാവാത്ത നൂറുകൂട്ടം ചുമതലകൾ. പഞ്ചായത്ത് ജനപ്രതിനിധി എന്നനിലയിൽ ഇതെല്ലാം തലയിലൂടെ കയറിയിറങ്ങി. ഒപ്പം ഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമിയും വാഗ്‌ഭടാനന്ദനും പൊയ്‌കയിൽ അപ്പച്ചനും വക്കം മൗലവിയും ആനന്ദതീർഥനും അവരുടെ ചിന്തകളും. ഒടുവിൽ വാർഡ് മെമ്പർ ‘ഡോക്‌ടറായി’. ജനങ്ങളെ പ്രതിനിധീകരിക്കുക എന്ന വലിയ ഉത്തരവാദിത്തത്തിനൊപ്പം ഗവേഷകനെന്നനിലയിൽ ഏറ്റെടുത്ത ഉത്തരവാദിത്തംകൂടി നിറവേറ്റിയിരിക്കുകയാണ് ബ്ലാത്തൂരിലെ കെ രാകേഷ്.
കാലടി സംസ്‌കൃത സർവകലാശാല ഫിലോസഫി വിഭാഗത്തിൽ നിന്നാണ് ഡോക്‌ടറേറ്റ്. 2020ൽ ഗവേഷകനായിരിക്കെയാണ് പടിയൂർ–കല്യാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് ചോലക്കരിയിലെ എൽഡിഎഫ് സ്ഥാനാർഥിയായി നിയോഗിക്കപ്പെട്ടത്. വലിയ ഭൂരിപക്ഷംനേടി ജനപ്രതിനിധിയായി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനും സിപിഐ എം ബ്ലാത്തൂർ ചോലക്കരി ബ്രാഞ്ച് അംഗവുമാണ്. ഉത്തരവാദിത്തങ്ങളേറിയപ്പോൾ ആശങ്ക ഏറിയില്ല. കൂടുതൽ പഠിക്കാനും പുതുക്കാനുമുള്ള അവസരമാക്കുകയായിരുന്നു എന്ന് രാകേഷ് പറഞ്ഞു.
നവോത്ഥാനത്തെക്കുറിച്ചായിരുന്നു പഠനം. "കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി...കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍’ എന്ന് ചരിത്രം തമസ്കരിക്കപ്പെട്ടതിനെ പറ്റി പൊയ്‌കയിൽ അപ്പച്ചന്‍ പറഞ്ഞകാര്യം പഠനവഴിയാക്കി. സമൂഹത്തിൽ വിട്ടുപോയവരെക്കുറിച്ചുള്ള ചിന്തകൾ പഠനത്തിലും പഞ്ചായത്ത് പ്രവർത്തനത്തിലും നയിച്ചു.
യുജിസി നെറ്റ്, സെറ്റ്, എംഫിൽ യോഗ്യതയും നേടി. ജെഎൻയുവിൽനിന്ന് 2018ൽ ആസ്‌പെയർ പ്രൊജക്‌ട് പൂർത്തിയാക്കിയിരുന്നു. ഇന്ത്യൻ ഫിലോസഫിക്കൽ കൗൺസിൽ ലക്‌നൗവിൽ നടത്തിയ ഓറിയന്റേഷൻ പരിപാടിയിലേക്കും രാകേഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് സംസ്‌കൃത സർവകലാശാല, മധ്യപ്രദേശിലെ സാഞ്ചി സർവകലാശാല, ഹൈദരാബാദ് സർവകലാശാല എന്നിവടങ്ങളിൽ വിവിധ വിഷയങ്ങളിൽ സെമിനാറിൽ പേപ്പർ അവതരിപ്പിച്ചു. ഡോ. കെ ശ്യാമളയുടെ മാർഗനിർദേശത്തിലാണ് പിഎച്ച്‌ഡി ഗവേഷണം പൂർത്തിയാക്കിയത്. പരേതനായ കെ പി ഗോപാലന്റെയും രാഗിണിയുടെയും മകനാണ്. ഭാര്യ: ടി ഒ നിമിഷ. മകൻ: ജൈൻ.









0 comments