കണ്ണപുരം സ്ഫോടനം: 2 പേർകൂടി അറസ്റ്റിൽ

പി രഹീൽ, പി അനീഷ്
കണ്ണപുരം: കണ്ണൂർ കണ്ണപുരം കീഴറ വേന്തിയിലെ വീട്ടിൽ അനധികൃത സ്ഫോടകവസ്തുശേഖരം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. പടുവിലായി സ്വദേശി പി അനീഷ്(36), ഉരുവച്ചാൽ സ്വദേശി പി രഹീൽ (33) എന്നിവരെയാണ് കണ്ണപുരം പൊലീസ് അറസ്‌റ്റുചെയ്തത്. കേസിലെ ഒന്നാംപ്രതി അനൂപ് മാലിക്കിന്റെ ബിസിനസ് പങ്കാളികളാണ് ഇരുവരും.
അനൂപ് മാലിക്കിനെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിക്കുന്ന സ്ഫോടകവസ്തുക്കൾ പാലക്കാട് എത്തിച്ചാണ് മൂവരും ചേർന്ന് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഏപ്രിലിൽ ആറുതവണ ടൺകണക്കിന് സ്ഫോടകവസ്തുക്കൾ കണ്ണൂരിലെത്തിച്ചിരുന്നു. അഞ്ച് തവണ എത്തിച്ചവ മുഴുവൻ വിൽപ്പന നടത്തി. വ്യാജ ലൈസൻസുണ്ടാക്കി സ്ഫോടകവസ്തുക്കൾ ഉത്സവാഘോഷങ്ങൾക്കും നൽകാറുണ്ട്.
ആഗസ്‌ത് 30ന് പുലർച്ചെ രണ്ടിനാണ് കണ്ണപുരം കീഴറ കൂലോത്തിനടുത്ത് റിട്ട. പ്രധാനാധ്യാപകൻ കാപ്പാടൻ ഗോവിന്ദന്റെ പേരിലുള്ള വീട്ടിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണമായും തകർന്നിരുന്നു. സമീപത്തെ ആറ് വീടുകൾക്കും നാശമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിന്റെ അന്വേഷണം ഊർജിതമായി നടക്കുകയാണ്.









0 comments