ശബരിമല സ്വർണ്ണക്കൊള്ള: കണ്ഠരര് രാജീവര് ജയിലിൽ തുടരും; ജാമ്യാപേക്ഷ അടുത്തയാഴ്ചത്തേക്ക് മാറ്റി

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ജയിലിൽ തുടരും. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലൻസ് കോടതി ഫെബ്രുവരി മൂന്നിലേക്ക് മാറ്റി.
കേസിൽ പങ്കജ് ഭണ്ഡാരി ഉൾപ്പെടെയുള്ള മറ്റ് പ്രതികളുടെ റിമാൻഡ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. തന്നെ കേസിൽ മനഃപൂർവ്വം കുടുക്കിയതാണെന്ന് തന്ത്രി വാദിച്ചെങ്കിലും, കൊള്ളയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് തവണ സ്വർണ്ണ പാളികൾ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും അന്വേഷണ സംഘം വാദിച്ചു.
തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ദ്വാരപാലക പാളികൾ കൊടുത്തുവിടാൻ അനുമതി നൽകിയത് തന്ത്രി സ്വന്തം കൈപ്പടയിലാണ് എഴുതി നൽകിയതെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് പൊലീസിന്റെ നീക്കം.
അതേസമയം, കേസിൽ പ്രതികളായവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനാലാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡും 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.










0 comments