കൊടിമരത്തിലെ സ്വർണംപൂശിയതെന്ന് കരുതപ്പെടുന്ന വാജിവാഹനം രാജീവര് താഴമൺ മഠത്തിലേക്ക് കൊണ്ടുപോയി
print edition രാജീവരുടെ അറസ്‌റ്റ് ; ചുരുളഴിയുന്നത് ദുരൂഹ ഇടപാടുകൾ

ആർ രാജേഷ്
Published on Jan 10, 2026, 02:45 AM | 3 min read
പത്തനംതിട്ട
ശബരിമല സ്വർണാപഹരണക്കേസിൽ തന്ത്രി കണ്‌ഠര് രാജീവര് അറസ്‌റ്റിലായതോടെ ചുരുളഴിയുന്നത് ദുരൂഹ പണമിടപാടുകൾ. ഇതിൽ പ്രധാനം പഴയ കൊടിമരത്തിലെ വാജിവാഹനം മാറ്റിയതാണ്. പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ വിശ്വാസപ്രകാരം പഴയ കൊടിമരം ചിതയിൽ ദഹിപ്പിച്ച് അതിലെ ലോഹനിർമിത രൂപങ്ങൾ ഉരുക്കുകയും വേണം. എന്നാൽ കൊടിമരത്തിലെ സ്വർണംപൂശിയതെന്ന് കരുതപ്പെടുന്ന വാജിവാഹനം (കുതിരയുടെ രൂപം) രാജീവര് താഴമൺ മഠത്തിലേക്ക് കൊണ്ടുപോയി. തന്ത്രിക്കിത് അവകാശപ്പെട്ടതാണെന്നായിരുന്നു വിശദീകരണം.
സ്വർണപ്പാളി കേസ് എസ്‌ഐടി ഏറ്റെടുത്തതോടെ ദേവസ്വം ബോർഡിന് ഇത് മടക്കി നൽകാമെന്ന് പറഞ്ഞ് തന്ത്രി രംഗത്തെത്തിയെങ്കിലും കോടതിയുടെ മേൽനോട്ടത്തിലുള്ള കേസന്വേഷണം പൂർത്തിയായിട്ട് ആലോചിക്കാമെന്ന നിലപാടിലായിരുന്നു ദേവസ്വം ബോർഡ്. പടിപൂജയാണ് തന്ത്രിയുടെ വെള്ളാനകളിലൊന്ന്. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസിൽ ബുക്ക് ചെയ്‌തുവേണം പടിപൂജ ചെയ്യുവാൻ. അശൂലം (കുടുംബത്തിലുള്ളവരുടെ മരണവും മറ്റും) മൂലം പിൻവാങ്ങുന്നവരുടെ ഒഴിവിൽ പൂജ തരപ്പെടുത്തി കൊടുക്കാൻ വാങ്ങുന്നത് ലക്ഷങ്ങളാണ്. പട്ടികയിൽ മുൻഗണന കിട്ടാനും തന്ത്രി ‘കടാക്ഷിക്കണം’. മുൻമന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരൻ വി എസ് ജയകുമാർ എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരിക്കെയാണ് ഇൗ തട്ടിപ്പിന് തുടക്കമിട്ടത്.
സന്നിധാനം സോപാനത്ത് ദേവസ്വം കൗണ്ടറിൽ ചരട്, കുങ്കുമം, ഏലസ്സ്, സുദർശനചക്രം തുടങ്ങി പൂജാസാധനങ്ങൾ തീർഥാടകർക്ക് നൽകാറുണ്ട്. എന്നാലിത് ആയിരങ്ങൾ ദക്ഷിണവാങ്ങിയാണ് തന്ത്രിയുടെ മുറിയിൽനിന്ന് വിതരണംചെയ്യുന്നത്. നെയ്യഭിഷേകം ചെയ്യണമെങ്കിലും ദേവസ്വം രസീത് എഴുതണം. അതും ഇവിടെ മിനിട്ടുകൾക്കകം റെഡിയാണ്. പതിനായിരങ്ങളാണ് ആ ഇനത്തിലും കൈക്കലാക്കുന്നത്. താമസ സൗകര്യമൊരുക്കലാണ് മറ്റൊരു അനധികൃത ധനമാർഗം. തന്ത്രിയുടെ ആളുകൾക്കാണ് ഇതിലും മുൻഗണന. അന്നദാന ഫണ്ടായി തന്ത്രിയുടെ പക്കൽ ലക്ഷങ്ങൾ കൊടുക്കുന്ന തീർഥാടകരുണ്ട്. ഇതൊന്നും ദേവസ്വത്തിന്റെ കണക്കിൽ വരാറില്ലെന്നാണ് വിവരം.
ഗോവര്‍ധന്റെ ബെല്ലാരിയിലെ വീട്ടിൽ പൂജ നടത്തിയതും തന്ത്രി കുടുംബാംഗം
ശബരിമലയിൽനിന്ന് നഷ്‌ടമായ സ്വർണം വാങ്ങിയ ബെല്ലാരിയിലെ റൊഡ്ഡാം ജ്വല്ലറി ഉടമ ഗോവർധന്റെ വീട്ടിൽ പൂജ ചെയ്‌തത് തന്ത്രി കണ്‌ഠര് രാജീവരുടെ സഹോദരന്റെ മകൻ കണ്ഠര് മഹേഷ് മോഹനര്. തന്ത്രി കണ്‌ഠര് മോഹനരുടെ മകനായ ഇദ്ദേഹമാണിപ്പോൾ ശബരിമല തന്ത്രി.
സ്വർണപ്പാളി കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ആവശ്യപ്രകാരമാണ് താൻ 2023 ജൂലൈയിൽ ഇവിടെ പൂജയ്‌ക്ക് പോയതെന്നും മഹേഷ് മോഹനര് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ശബരിമലയിൽവച്ചാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ പരിചയപ്പെട്ടത്. ബംഗളൂരുവിൽ പലയിടത്തും തന്നെ പൂജയ്‌ക്കെത്തിക്കാൻ പോറ്റി ശ്രമിച്ചിരുന്നു. അങ്ങനെയാണ് ഗോവർധന്റെ വീട്ടിൽ പൂജ ചെയ്യാൻ സമ്മതിച്ചത്. ഗോവർധന്റെ വീട്ടിൽ രണ്ടുദിവസത്തെ പൂജയാണ് തന്ത്രിയുടെ കാർമികത്വത്തിൽ നടന്നത്. അന്നായിരുന്നു ബെല്ലാരിയിൽ ഗോവർധന്റെ റൊഡ്ഡാം ജ്വല്ലറിയുടെ ഉദ്ഘാടനം. ചടങ്ങിൽ ദീപം തെളിച്ചതും താനായിരുന്നുവെന്നും മഹേഷ് മോഹനര് പറഞ്ഞിരുന്നു.
തന്ത്രി അവസാനവാക്ക്
ശബരിമലയിൽ തന്ത്രിയും കുടുംബവും കൈവശംവച്ചിരിക്കുന്നത് പരമാധികാരത്തിന്റെ ‘ ചെങ്കോൽ ’. നട തുറക്കുന്നതുമുതൽ അടയ്‌ക്കുന്നതുവരെ മാത്രമല്ല, സന്നിധാനത്തെ എല്ലാ കാര്യങ്ങളുടെയും അവസാനവാക്കാണ് തന്ത്രി. മേൽശാന്തിമാർ നട തുറക്കുന്നത് തന്ത്രിയുടെ അനുമതിയോടെയാണ്. നടയടച്ചാൽ താക്കോൽ കൈവശം വയ്‌ക്കാൻ തന്ത്രിക്ക് മാത്രമാണ് അവകാശം. അതുപോലെ മുഖ്യപൂജകളും തന്ത്രിയുടെ നേതൃത്വത്തിലാകണമെന്നുമുണ്ട്.
പരികർമികളെ നിശ്‌ചയിക്കുന്നതും തന്ത്രി അറിഞ്ഞാവണം. മേൽശാന്തിമാരും കീഴ്‌ശാന്തിമാരും വയ്‌ക്കുന്ന പരികർമികളിൽ തന്ത്രിയുടെ ആളുകൾ സ്ഥിരമാണ്. സാധാരണ പരികർമികളുടെ കാലയളവ് ഒരുവർഷമാണെങ്കിൽ തന്ത്രിയുടെ ആളിന് മാറ്റമുണ്ടാകാറില്ല. പത്തിലധികം പേർ ഇങ്ങനെ സ്ഥിരമായി ഇവിടെയുണ്ടാകും. ശബരിമലയിൽ സ്‌പെഷ്യൽ ഡ്യൂട്ടിക്ക് വരുന്ന ദേവസ്വം ഉദ്യോഗസ്ഥരിലും തന്ത്രിക്ക് ‘റോളു’ണ്ട്. പ്രത്യേകിച്ച് മാളികപ്പുറം സ്‌പെഷ്യൽ ഓഫീസർ, അക്കോമഡേഷൻ ഓഫീസർ, ഗസ്‌റ്റ് ഹൗസ് ഓഫീസർ തുടങ്ങിയവരുടെ കാര്യത്തിൽ.
ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ, അസി. എക്‌സിക്യൂട്ടീവ് ഓഫീസർ, അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ എന്നിവർ പോറ്റിമാരാകണമെന്നും ഇവരെ തന്ത്രി നിയമിക്കണമെന്നുമായിരുന്നു സ്ഥിതി. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇത് മാറ്റിയെഴുതിയത്. 1903ലാണ് താഴമൺ കുടുംബം ശബരിമലയുടെ താന്ത്രികപദവിയിലേക്ക് വരുന്നത്. കുടുംബാംഗങ്ങൾ പിന്നീട് പരമാധികാരം വീതിച്ചെടുത്തു. ദേവസ്വം ബോർഡ് മാനുവലനുസരിച്ച് ദേവസ്വം സെക്രട്ടറിയുടെ കീഴിലാണ് തന്ത്രി. എന്നാൽ ‘അയ്യപ്പന്റെ പിതൃസ്ഥാനീയനാണ്’ തന്ത്രിയെന്ന വിശ്വാസം ചിലർ ‘അനുഗ്രഹ’മാക്കിയതാണ് തട്ടിപ്പിനും വെട്ടിപ്പിനുമാണ് കളമൊരുക്കിയത്.
ഗൂഢാലോചനയിലും പങ്കാളിയായി
ശബരിമല ക്ഷേത്രത്തിലെ താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള കണ്ഠര് രാജീവര് 1998 -–1999ൽ വിജയ് മല്യ ക്ഷേത്രം സ്വർണം പൊതിഞ്ഞപ്പോഴും 2019ൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റി സ്വർണപ്പാളികൾ മോഷ്ടിച്ചപ്പോഴും ശബരില തന്ത്രിയായിരുന്നെന്ന് എസ്‌എടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വർണ മോഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയാണെന്നും ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീകോവിൽ വാതിലിന്റെ കട്ടിളയിലുള്ള, ദശാവതാരം പതിച്ച രണ്ട് പാളികൾ, മുകൾപ്പടിയിലെ പാളി, സ്വർണം പതിച്ച ശിവരൂപവും വ്യാളീരൂപവുമടങ്ങിയ പാളികൾ എന്നിവയാണ് 2019 മാർച്ച് 20ന് ഇറക്കിയ ബോർഡ് ഉത്തരവ് പ്രകാരം മേയിൽ ഇളക്കിയെടുത്ത് പോറ്റിക്ക് കൈമാറിയത്. ശബരിമല ക്ഷേത്രത്തിലെ സാമഗ്രികൾ ക്ഷേത്രസന്നിധാനത്തുനിന്ന് പുറത്തുകൊണ്ടുപോകുന്നതിൽ താന്ത്രിക നടപടി പാലിച്ചില്ല. ഇതിലെ ആചാരലംഘനം തന്ത്രി ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയില്ല.
സ്വർണപ്പാളികൾ കൈമാറുന്നത് തടഞ്ഞില്ല. 2019 ജൂൺ 15ന് മിഥുനമാസ പൂജയ്ക്ക് നട തുറന്നപ്പോഴും കട്ടിളയും പാളികളും തിരിച്ചെത്തിച്ചിട്ടില്ലെന്ന് തന്ത്രിക്ക് അറിയാമായിരുന്നു. ഈ സമയത്തും തന്ത്രിയുടെ സാന്നിധ്യം സന്നിധാനത്തുണ്ട്. 2019 ജൂൺ 18ന് കട്ടിളയും പ്രഭാമണ്ഡലവും തിരിച്ചെത്തിച്ച് ഘടിപ്പിച്ചപ്പോഴും തന്ത്രിയുടെ സാന്നിധ്യമുണ്ട്.
ദേവസ്വം മാന്വൽ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ദേവസ്വത്തിൽവച്ചുതന്നെ നടത്തേണ്ടതാണ്. ക്ഷേത്രത്തിന് പുറത്തുകൊണ്ടുപോകാൻ പാടില്ല. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണംപൂശിയ കട്ടിളപ്പാളികൾ പൂജയ്ക്ക് വച്ച ബംഗളൂരുവിലെ ക്ഷേത്രങ്ങളിലെ തന്ത്രിയും കണ്‌ഠരര് രാജീവരായിരുന്നെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. ചില വിവരങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് കണ്ഠര് രാജീവരെ വെള്ളിയാഴ്ച എസ്ഐടി വിളിച്ചുവരുത്തിയത്. ആറ്റിങ്ങൽ ഗസ്റ്റ് ഹൗസിലായിരുന്നു ചോദ്യംചെയ്യൽ. തന്ത്രി ദേവസ്വം ബോർഡിൽനിന്ന് ശമ്പളം വാങ്ങുന്നതിനാൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും നിലനിൽക്കും.
എസ്‌ഐടിക്കുമേൽ സമ്മർദമില്ലെന്ന് റവാഡ ചന്ദ്രശേഖർ
ശബരിമല സ്വർണമോഷണ കേസിൽ എസ്‌ഐടിയുടെ നീക്കങ്ങൾ ശരിയായ ദിശയിലാണെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. എസ്‌ഐടിക്കുമേൽ ഒരുതരത്തിലുള്ള സമ്മർദവുമില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പൂർണ സ്വാതന്ത്ര്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.










0 comments