നാണംകെട്ട് യുഡിഎഫ്; മുന്നണിയിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ, 'കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് സമീപിച്ചത്'

വി ഡി സതീശൻ, വിഷ്ണുപുരം ചന്ദ്രശേഖരൻ
തിരുവനന്തപുരം: വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോൺഗ്രസ് പാർടിയെ അസോസിയേറ്റ് അംഗമായി പ്രഖ്യാപിച്ച് നാണംകെട്ട് യുഡിഎഫ്. യുഡിഎഫ് ഏകോപന സമിതിയോഗത്തിന് ശേഷം പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് കാമരാജ് കോൺഗ്രസിനെ മുന്നണിയിലെടുത്തതായി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇതിന് മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫ് പ്രവേശനം നിഷേധിച്ച് വിഷ്ണുപുരം ചന്ദ്രശേഖരൻ തന്നെ രംഗത്തെത്തി.
താൻ ഇപ്പോഴും എൻഡിഎയുടെ വൈസ് ചെയർമാൻ തന്നെയാണെന്നും യുഡിഎഫിലേക്ക് പോകില്ലെന്നും ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുന്നണി പ്രവേശനം ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ല. ചെറുപ്പംമുതല്‍ താന്‍ സ്വയംസേവകനാണ്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് സമീപിച്ചതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
"നാല് മാസം മുൻപ് എൻഡിഎയുമായുള്ള ഒരു പ്രശ്നം വന്നപ്പോൾ രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും വി ഡി സതീശനും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തന്നോട് തൃപ്തനാണോ എന്ന് ചോദിച്ചു. തൃപ്തനല്ല എന്ന് എല്ലാവരോടും ഞാൻ പറഞ്ഞു. ഇപ്പോഴും എൻഡിഎയുമായി അഭിപ്രായവ്യത്യാസമുണ്ട്. അതിന്റെ അർത്ഥം എൻഡിഎ വിടാനുള്ള അതൃപ്തി ഉണ്ടെന്നല്ല. യുഡിഎഫിൽ പോകേണ്ട സാഹചര്യമില്ല"- ചന്ദ്രശേഖരൻ പറഞ്ഞു.
യുഡിഎഫ് പ്രവേശനംതേടി താൻ കത്ത് നൽകിയെന്ന ആരോപണവും ചന്ദ്രശേഖരൻ നിഷേധിച്ചു. അങ്ങനെ ഒരു കത്തുണ്ടെങ്കിൽ കോൺഗ്രസ് നേതാക്കൾ പുറത്തുവിടട്ടെ എന്നും ചന്ദ്രശേഖരൻ വെല്ലുവിളിച്ചു.
യുഡിഎഫിൽ എടുക്കണമെന്ന അപേക്ഷ ചന്ദ്രശേഖരൻ തന്നിരുന്നുവെന്നാണ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. മുന്നണി പ്രവേശനം ആവശ്യപ്പെട്ടത് ചന്ദ്രശേഖരനാണെന്നും സതീശൻ പറഞ്ഞു.










0 comments