തലസ്ഥാനത്ത് തൃശൂർ പൂരം ; സ്വർണക്കപ്പിൽ മുത്തമിട്ട് തൃശൂർ , പാലക്കാട് രണ്ടാമത്

ഓവറോൾ ചാമ്പ്യൻമാരായ തൃശൂർ ജില്ലാ ടീം ട്രോഫിയുമായി. മന്ത്രി കെ രാജൻ സമീപം ഫോട്ടോ: വി കെ അഭിജിത്
എം എസ് അശോകൻ
Published on Jan 09, 2025, 01:55 AM | 1 min read
തിരുവനന്തപുരം
സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടത്തിനായി ആദ്യാവസാനം തുടർന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സ്വർണക്കപ്പിൽ മുത്തമിട്ട് തൃശൂർ ജില്ല. ഒരു പോയിന്റ് വ്യത്യാസത്തിൽ പാലക്കാട് രണ്ടാമതായി. കാൽനൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന്റെയും പരിശ്രമത്തിന്റെയും നേട്ടമാണ് തലസ്ഥാനം തൃശൂരിന്റെ ശിരസ്സിലണിയിച്ചത്. 1999ലാണ് ഒടുവിൽ തൃശൂർ കലാകിരീടം ചൂടിയത്.
1008 പോയിന്റുള്ള തൃശൂരിന്റെ നാലാം കിരീടനേട്ടമാണിത്. പാലക്കാടിന് 1007 പോയിന്റ് ലഭിച്ചു. കലോത്സവത്തിന്റെ ആദ്യ നാലുദിവസവും ഒന്നാം സ്ഥാനത്തായിരുന്ന മുൻവർഷത്തെ ചാമ്പ്യന്മാർ കൂടിയായ കണ്ണൂർ ജില്ല 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തായി. കലാശത്തിന് മണിക്കൂറുകൾമാത്രം ശേഷിക്കേയാണ് കണ്ണൂരിനെ പിന്തള്ളി തൃശൂർ മുന്നിൽകയറിയത്. പിന്നിലായിരുന്ന പാലക്കാടും അവസാനനിമിഷം നില മെച്ചപ്പെടുത്തി. നാലാം സ്ഥാനം കോഴിക്കോടും (1000) അഞ്ചാംസ്ഥാനം എറണാകുളവും (980) സ്വന്തമാക്കി.
സ്‌കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് 171 പോയിന്റുനേടി ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ എച്ച്‌എസ്‌എസാണ് രണ്ടാമത്. 116 പോയിന്റ്.
പരാതികൾക്ക് ഇട നൽകാതെ മികവോടെ സംഘടിപ്പിച്ച കലോത്സവമാണ് തിരുവനന്തപുരത്ത് കൊടിയിറങ്ങിയത്. പതിനയ്യായിരത്തോളം മത്സരാർഥികൾ അഞ്ചുനാൾ നീണ്ട കലോത്സവത്തിൽ 249 ഇനങ്ങളിൽ മാറ്റുരച്ചു.









0 comments