കള്ളാടി മണ്ണിടിച്ചിൽ
print edition സർക്കാർ കൈയൊഴിഞ്ഞു; മൃതദേഹവുമായി 30 മണിക്കൂർ കാത്തിരിപ്പ്

ബംഗളൂരുവിൽ നിർത്തിയിട്ട ആംബുലൻസിനുള്ളിലെ മൃതദേഹത്തിനരികിൽ ഇമ്രാന്റെ സഹോദരി തഹറുന്നീസയും സഹോദരൻ സാഹേബും
ആദർശ് ജോസഫ്
Published on Jul 11, 2026, 01:00 AM | 1 min read
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അതിഥി തൊഴിലാളിയുടെ നിർധന കുടുംബത്തോട് സംസ്ഥാന സർക്കാരിന്റെയും നിർമാണ കമ്പനിയുടെയും കൊടുംക്രൂരത. മണ്ണുമാന്തി യന്ത്രം ഓപറേറ്ററായിരുന്ന ബിഹാർ സ്വദേശി ഇമ്രാൻ അൻസാരിയുടെ മൃതദേഹവുമായി സഹോദരങ്ങൾ ബംഗളൂരുവിൽ 30 മണിക്കൂർ കുടുങ്ങി. ശനി രാവിലെയേ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാവൂ. മൃതദേഹങ്ങൾ എംബാം ചെയ്‌ത് സർക്കാർ ചെലവിൽ ജന്മനാടുകളിൽ എത്തിക്കുമെന്നാണ് വയനാട് സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്. എന്നാൽ, ഉത്തരവാദിത്വത്തിൽനിന്നും സംസ്ഥാന സർക്കാർ ഒളിച്ചോടി.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബാം ചെയ്‌ത മൃതദേഹം ഇമ്രാന്റെ സഹോദരങ്ങളായ തഹറുന്നീസ, ഇർഷാദ് അലി, എം ഡി സാഹേബ് എന്നിവർ വ്യാഴാഴ്‌ച പകൽ പന്ത്രണ്ടോടെയാണ് ഏറ്റുവാങ്ങിയത്. ആംബുലൻസിൽ വെള്ളി പുലർച്ചെ രണ്ടിന് ബംഗളൂരുവിൽ എത്തി. എന്നാൽ, ശനി രാവിലെ 8.25–നുള്ള വിമാനത്തിലാണ് കുടുംബത്തിന് ടിക്കറ്റ് എടുത്തുനൽകിയത്. മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം തുരങ്കപാത നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്‌കോണിന്റെ തലയിലിട്ട് സർക്കാർ കൈയൊഴിയുകയായിരുന്നു.
സർക്കാർ ഇടപെട്ടിരുന്നെങ്കിൽ കോഴിക്കോട്ടുനിന്നും വിമാനത്തിൽ എട്ട് മണിക്കൂറിൽ മൃതദേഹം പാട്‌നയിൽ എത്തിക്കാമായിരുന്നു. എയർപോർട്ട് അതോറിറ്റിയും വിമാനത്താവള എമിഗ്രേഷൻ വിഭാഗവുമായി സർക്കാർ ബന്ധപ്പെട്ടിട്ടില്ല.
ബംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പാട്‌നയിലേക്കുള്ള വിമാന ടിക്കറ്റ് കമ്പനി ബുക്കുചെയ്‌തിട്ടില്ലെന്ന് മനസ്സിലായതെന്ന് ഇർഷാദ് അലി പറഞ്ഞു. വെള്ളി പുലർച്ചെ ആറിന് വിമാനത്തിൽ കയറ്റിവിടുമെന്നായിരുന്നു പറഞ്ഞത്. അതുണ്ടായില്ല. മൃതദേഹം ആംബുലൻസിന്റെ സർവീസ് ഓഫീസിലേക്ക് മാറ്റി. പലവട്ടം ആവശ്യപ്പെട്ടപ്പോഴാണ് ശനിയാഴ്‌ചത്തേക്ക് ടിക്കറ്റ് എടുത്തുനൽകിയത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട അതിഥി തൊഴിലാളികളുടെ മൃതദേഹം സംസ്ഥാന സർക്കാർ നേരിട്ട് ഇടപെട്ടാണ് വിമാനത്തിൽ അവരുടെ ജന്മനാടുകളിൽ എത്തിച്ചത്.










0 comments