പോളി കഞ്ചാവ് വേട്ട: 4 പൊതി ക്യാമ്പസിൽ എത്തിച്ചിരുന്നു, വിറ്റാൽ 6000 രൂപ ലാഭം; കെഎസ്‌യു നേതാവിന്റെ മൊഴി

കളമശേരി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ
നിർണായക വിവരങ്ങൾ പുറത്ത്. ഒരു ബണ്ടിൽ കഞ്ചാവ് വിറ്റാൽ 6000 രൂപ ലാഭമായി കിട്ടിയിരുന്നെന്ന് പിടിയിലായ കെഎസ്‌യു നേതാവ് ഷാലിഖ് പൊലീസിനോട് പറഞ്ഞു. 18000 രൂപയ്ക്കാണ് പുറത്ത് നിന്ന് കഞ്ചാവ് വാങ്ങുന്നത്. ഇത് ഹോസ്റ്റലിൽ വിൽക്കുന്നത് 24000 രൂപയ്‌ക്കാണ്. നാല് പൊതി കഞ്ചാവ് ക്യാമ്പസിൽ എത്തിച്ചിരുന്നതായാണ് ഷാലിഖ് നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നത്. കെഎസ്‌യു നേതാക്കൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയ ഇതര സംസ്ഥാനക്കാരനായ വ്യക്തിയെ പൊലീസ് അന്വേഷിക്കുകയാണ്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ തന്നെ ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല. ആലുവയിലാണ് ഇയാൾ താമസിക്കുന്നതെന്നവിവരത്തിന്റെ അടിസ്ഥാനത്തിൽ കർശന പരിശോധന നടത്തി വരികയാണ് പൊലീസ്.
പോളിടെക്‌നിക്കിലെ കെഎസ്‌യു നേതാക്കളായ രണ്ടുപേർക്ക് അനുവദിച്ചിരുന്ന മുറിയിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോൾ മുറിയിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ട് കെഎസ്‌യുക്കാർ ഓടിരക്ഷപ്പെടുകയായിരുന്നു. 1.909 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്ന ഹോസ്‌റ്റലിലെ ജി-2 മുറിയിൽനിന്നാണ് കെഎസ്‌യു പ്രവർത്തകൻ കൊല്ലം കുളത്തൂപ്പുഴ വില്ലുമലയിൽ എം ആകാശിനെ (21) അറസ്‌റ്റ് ചെയ്‌തത്. മറ്റൊരു മുറിയിൽനിന്ന് 9.7 ഗ്രാം കഞ്ചാവുമായി ഹരിപ്പാട് വെട്ടുവേണി കാട്ടുകോയിക്കൽ ആദിത്യൻ കെ സുനിൽ (20), കരുനാഗപ്പള്ളി തൊടിയൂർ പാണംതറയിൽ ആർ അഭിരാജ് (21) എന്നിവരും അറസ്‌റ്റിലായി. മൂന്നുപേരും അവസാനവർഷ വിദ്യാർഥികളാണ്.
കെഎസ്‌യു നേതാവും കഴിഞ്ഞ പോളി യൂണിയൻ തെരഞ്ഞെടുപ്പിൽ ആർട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനാർഥിയുമായിരുന്ന കെ എച്ച് ആദിൽ, അനന്തു എന്നിവർക്ക് അനുവദിച്ച മുറിയിലാണ് ആകാശ് താമസിച്ചിരുന്നത്. പൊലീസ് എത്തിയപ്പോൾ ഇരുവരും മുറിവിട്ട് ഓടി. ആകാശിനെ റിമാൻഡ് ചെയ്തു. ആദിത്യനെയും അഭിരാജിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അലമാരയിൽ വലിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വ്യാഴം രാത്രി ഒമ്പതോടെയാണ് പൊലീസും ഡാൻസാഫ് ടീമും പോളിടെക്നിക് മെൻസ് ഹോസ്റ്റൽ ‘പെരിയാറി'ൽ പരിശോധന നടത്തിയത്. ചില്ലറ വിൽപ്പനയ്ക്കായി കഞ്ചാവ് തൂക്കി പാക്ക് ചെയ്യാനുള്ള ഇലക്ട്രോണിക് ത്രാസ്, പാക്കറ്റുകൾ, കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങൾ, പൊടിക്കാനും ബീഡിയാക്കി തെറുക്കാനുമുള്ള ഉപകരണങ്ങൾ എന്നിവയും മുറികളിൽനിന്ന് കണ്ടെടുത്തു.
0 comments