കലാമണ്ഡലം ശങ്കരവാര്യർ ; ദാരിദ്ര്യത്തെ കൊട്ടിത്തോൽപ്പിച്ച മദ്ദളാചാര്യൻ

കലാമണ്ഡലം ശങ്കരവാര്യർ (പഴയകാല ചിത്രം)
കൊച്ചി
കടുത്ത ദാരിദ്ര്യത്തെ കൊട്ടിത്തോൽപ്പിച്ച പ്രതിഭയാണ് സംസ്ഥാന കലാപുരസ്‌കാരം നേടിയ കലാമണ്ഡലം ശങ്കരവാര്യർ. കണ്ണൂർ തില്ലങ്കേരിയിൽ മരുതിനകത്ത് മാധവി വാരസ്യാരുടെയും കോഴിക്കോട് പേരാമ്പ്ര കായണ്ണ കൃഷ്‌ണവാര്യരുടെയും ഏഴു മക്കളിൽ ആറാമത്തെയാൾ. വീട്ടിൽ കടുത്ത ദാരിദ്ര്യമായിരുന്നതിനാൽ എട്ടാംക്ലാസിനപ്പുറം പഠിക്കാൻ സാധിച്ചിരുന്നില്ല. ഇരിട്ടി കീഴുർ സ്‌കൂളിൽ പഠിക്കുമ്പോൾ അമ്പലത്തിൽ കഴകക്കാരനായി. നിവേദ്യച്ചോറ് കഴിച്ചാണ് വിശപ്പകറ്റിയിരുന്നത്. സ്‌കൂൾപഠനം മുടങ്ങിയശേഷം ബസ് സ്റ്റാൻഡിലും തമിഴ്‌നാട്ടിലടക്കം ഹോട്ടലുകളിലും പല തൊഴിലുകൾ ചെയ്‌തു.
ഇതിനിടെ തൃക്കൈക്കുന്ന് ക്ഷേത്രത്തിലെ കഴകക്കാരനായ ജ്യേഷ്‌ഠനൊപ്പം അവിടേക്ക് പോയതാണ് ആദ്യത്തെ വഴിത്തിരിവ്. അവിടെ വച്ച്, സംഗീതജ്ഞനായ പഴശ്ശി കോവിലകത്തെ ശങ്കരവർമ (പി കെ എസ് വർമ) ശങ്കരന്റെ സംഗീതവാസന തിരിച്ചറിഞ്ഞ് ശിഷ്യനും സഹായിയുമായി കൂട്ടി. ഒരിക്കൽ ഗുരുവായൂർ ഏകാദശിക്ക് ശങ്കരവർമയ്‌ക്കൊപ്പം പോയപ്പോൾ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വേദിയിൽ തംബുരു മീട്ടാൻ അവസരം കിട്ടി. മൂന്നുവർഷത്തോളം ശങ്കരവർമയുടെ കൂടെനിന്ന് മൃദംഗത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചുതുടങ്ങിയെങ്കിലും കൊട്ടാരത്തിൽ തുടരാനാകാത്ത സ്ഥിതിവന്നു. നാട്ടിൽ തിരിച്ചെത്തി കുറച്ചുകാലം കഴിഞ്ഞ് കർണാടകത്തിൽ ഒരമ്പലത്തിൽ കഴകക്കാരനായി. ക്ഷേത്രത്തിൽ ശർക്കര പൊതിഞ്ഞുവന്ന മലയാള പത്രക്കടലാസിൽ കലാമണ്ഡലത്തിൽ വിദ്യാർഥികളെ എടുക്കുന്ന വാർത്ത കണ്ടതാണ് അടുത്ത വഴിത്തിരിവ്.
പതിനേഴാംവയസ്സിൽ കലാമണ്ഡലത്തിൽ വിദ്യാർഥിയായി എത്തിയ ശങ്കരവാര്യർ, അരങ്ങേറ്റത്തിന് ആശാന്മാർക്ക് ദക്ഷിണ കൊടുത്തതുപോലും സ്വന്തം ആശാന്റെ സഹായത്താലാണ്. പഠനം കഴിഞ്ഞ് നാട്ടിലെത്തിയശേഷം ഉത്സവങ്ങൾക്കും മട്ടന്നൂർ പഞ്ചവാദ്യസംഘത്തിനൊപ്പം പരിപാടികൾക്കും കൊട്ടാൻ പോയി. ഏതാനും വർഷം കഴിഞ്ഞ് കലാമണ്ഡലത്തിൽ ഒരു ലീവ് വേക്കൻസിയിൽ അധ്യാപകനായി. പിന്നീട് സ്ഥിരപ്പെട്ടെങ്കിലും 1981ൽ ഫാക്ട് കഥകളി സ്‌കൂളിൽ അധ്യാപകനായി ചേർന്നു. നൂറുകണക്കിന് ശിഷ്യരുണ്ട്.
മദ്ദളവാദനത്തിൽ തന്റേതായ ശൈലി ആവിഷ്‌കരിച്ച ശങ്കരവാര്യർ, കഥകളിപ്രേമികളുടെ പ്രിയപ്പെട്ട കലാകാരനാണ്. കലാമണ്ഡലം സംഘത്തിനൊപ്പവും അല്ലാതെയും വിവിധ രാജ്യങ്ങളിൽ പരിപാടികളുടെ ഭാഗമായി. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറടക്കം പ്രമുഖരുടെ അഭിനന്ദനവും നേടി. വീരശൃംഖലയടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. ‘മദ്ദളമെന്ന മംഗളവാദ്യം’ എന്ന ആധികാരിക പഠനഗ്രന്ഥം എഴുതി. നാലുപതിറ്റാണ്ടായി ഏലൂരിലാണ് താമസം. ഭാര്യ വത്സല. മക്കൾ: അരുൺദേവ് വാര്യരും (ബംഗളൂരു) കിരൺദേവ് വാര്യരും (ദുബായ്) മദ്ദള കലാകാരന്മാർകൂടിയാണ്. ശാലിനിവാര്യർ, ഗായത്രീദേവി വാര്യർ എന്നിവർ മരുമക്കൾ.








0 comments