print edition സംസ്‌കൃത സർവകലാശാല സമരം: മാപ്പെഴുതില്ല; വീര്യത്തോടെ പന്ത്രണ്ടാംദിനത്തിലേക്ക്

കാലടി : കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സമരം 108–ാംദിനം പിന്നിട്ടു. കവാടത്തിൽ എസ്എഫ്ഐ നടത്തുന്ന നിരാഹരസമരം വെള്ളിയാഴ്ച 12–ാംദിവസത്തിലേക്കും പ്രവേശിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളായ പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നിവരാണ് നിരാഹാരമിരിക്കുന്നത്.
പതിനൊന്നു ദിനം കഴിഞ്ഞതോടെ വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി മോശമാകുന്നുണ്ട്. ഡോക്ടറുടെ പരിശോധനയിലും ഇത് സ്ഥിരീകരിച്ചു. ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയാണ് സമരമെന്നും വിസിയും ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണും ആവശ്യങ്ങൾ അംഗീകരിക്കുംവരെ നിരാഹാരം തുടരുമെന്നും ആശുപത്രിയിലേക്ക് മാറാൻ തയ്യാറല്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
സമരപ്പന്തലിലേക്ക് ഐക്യദാർഢ്യവുമായി വ്യാഴാഴ്ചയും നിരവധി പേരെത്തി. എൽഡിഎഫ് ജില്ലാ നേതൃത്വവും സംസ്ഥാന നേതാക്കളും വിവിധ സംഘടനകളും സമര സഖാക്കളെ അഭിവാദ്യം ചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ, സിപിഐ നേതാവ് വി എസ് സുനിൽകുമാർ, എഴുത്തുകാരൻ സി ആർ ദാസ്, കവി കുരീപ്പുഴ ശ്രീകുമാർ, കോലഴി നാരായണൻ എന്നിവർ പിന്തുണ അറിയിച്ചെത്തി.
പ്രതിപക്ഷ നേതാവ് ഇന്ന് കാലടിയിൽ
സമരവേദിയിൽ പിന്തുണയും ആവേശവുമേകാൻ പ്രതിപക്ഷനേതാവ് പിണറായി വിജയൻ വെള്ളി രാവിലെ 9.30ന് സമരപ്പന്തൽ സന്ദർശിക്കും. സമരപോരാളികളുമായി അദ്ദേഹം സംവദിക്കും.









0 comments