സംസ്‌കൃത സർവകലാശാലയിൽ വിസിയുടെ വിദ്യാർഥിവേട്ട

സ്വന്തം ലേഖകൻ
Published on Aug 23, 2026, 01:31 AM | 1 min read
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയെ വർഗീയ–വലതുപക്ഷ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കി സംഘപരിവാർ–യുഡിഎഫ് കൂട്ടുകെട്ട്. അവകാശങ്ങൾക്കായി ശബ്‌ദമുയർത്തുന്ന വിദ്യാർഥികളെയും എസ്‌എഫ്‌ഐ പ്രവർത്തകരെയും കള്ളക്കേസിന്റെയും അച്ചടക്കവാളിന്റെയും ഭീഷണിമുനയിൽ നിർത്തി നിക്ഷിപ്‌തതാൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് നീക്കം. സംഘപരിവാർ പക്ഷപാതമുള്ള വൈസ്‌ചാൻസലറുടെ നേതൃത്വത്തിലാണിത്. സംസ്ഥാന സർക്കാരിന്റെ ഒത്താശയമുണ്ട്.
കേരളചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിദ്യാർഥിവേട്ടയാണ് സർവകലാശാലയിൽ നടക്കുന്നത്. വിദ്യാർഥികളുടെ ഭാവി നശിപ്പിക്കാനും അവരെ ജയിലിലടയ്‌ക്കാനും രാഷ്ട്രീയ യജമാനന്മാരുടെ ആജ്ഞ ശിരസാവഹിച്ച് വൈസ് ചാൻസലർ കള്ളപ്പരാതി കൊടുത്തത് അക്കാദമിക് സമൂഹത്തെ ഞെട്ടിച്ചു. സിൻഡിക്കറ്റ് യോഗം നടന്ന ദിവസം പ്രതിഷേധിച്ച വിദ്യാർഥികൾ തന്റെ മുടിയിൽപ്പിടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നും തള്ളിയെന്നുമുള്ള പച്ചനുണയാണ് വിസി എഴുതിപ്പിടിപ്പിച്ചത്. പ്രതിഷേധം നടന്ന് മൂന്നാംദിവസമായിരുന്നു ഇൗ പരാതി. ആദ്യത്തെ എഫ്‌ഐആറിൽ ഇത്തരം സംഭവമേയില്ല.
നാടകാവതരണത്തിന് വേണ്ട അവശ്യഉപകരണങ്ങളും സംവിധാനങ്ങളും ഇല്ലാത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു വിദ്യാർഥികൾ ‘ലൈറ്റ് മരിച്ചേ’ എന്ന പ്രതിഷേധനാടകം അവതരിപ്പിച്ചത്. മരിച്ചുപോയ ലൈറ്റിന് അന്ത്യോപചാരം അർപ്പിക്കുന്നതടക്കമുള്ള രംഗങ്ങൾ വിസിയുടെ ശവസംസ്‌കാരമാക്കി ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു സർവകലാശാല അധികൃതർ. കോൺഗ്രസുകാരനായ പിആർഒ മാധ്യമങ്ങൾക്ക് നൽകി വാർത്തയാക്കി.
സർവകലാശാലയിലെ അക്കാദമിക് സൗകര്യം ഉന്നതനിലവാരത്തിലേക്ക് ഉയർത്താൻ ഉത്തരവാദിത്വപ്പെട്ട വിസിയും സർക്കാരും ചുമതലകൾ നിർവഹിക്കാതെയാണ് വിദ്യാർഥികളെ നിരന്തരം വേട്ടയാടുന്നത്. ലൈറ്റ്, ശബ്ദ സംവിധാനങ്ങൾ തിയറ്റർ വിദ്യാർഥികൾക്കില്ല. വാടകയിനത്തിൽ സ്വന്തം കൈയിൽനിന്ന് ഇതിനായി പണം ചെലവഴിക്കേണ്ട ഗതികേടിലാണ്. നൃത്തവിദ്യാർഥികളുടെ ഇടത്തിൽ തറപൊളിഞ്ഞ് ആണി പുറത്തുവന്ന നിലയിലാണ്. നിരവധി വിദ്യാർഥികൾ പരിക്കേറ്റ് ചികിത്സയിലാണ്. ഗവേഷകർക്ക് ഫെലോഷിപ് മുടങ്ങിയിട്ട് മാസങ്ങളായി. പുതുതായി പ്രവേശനം തേടിയവർക്കായി ഫെലോഷിപ്പിന് വിജ്ഞാപനം ക്ഷണിച്ചിട്ടില്ല. മതിയായ അധ്യാപകരില്ലാത്തപ്പോഴും ഗസ്‌റ്റ് അധ്യാപകരെ നിയമിക്കുന്നില്ല.










0 comments