കൊലവിളിച്ച് കാട്ടാന; 3 പേർക്ക് പരിക്ക്

കാലടി : കാലടി പ്ലാന്റേഷനിലെ അയ്യമ്പുഴയിൽ കൊലവിളിയുമായി പാഞ്ഞടുത്ത കാട്ടാനയിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപെട്ട് യുവതി. പ്ലാന്റേഷനിലെ മൂന്നാം ബ്ലോക്കിൽ ചൊവ്വ വൈകിട്ട് ആറിനായിരുന്നു സംഭവം. പ്ലാന്റേഷൻ തൊഴിലാളി മാളിയേക്കൽ വീട്ടിൽ റിൻസി (42)യാണ് കാട്ടാന ആക്രമണത്തിൽനിന്ന് പരിക്കുകളോടെ രക്ഷപെട്ടത്. ഭർത്താവ് ജോയിയോടൊപ്പം വരുന്പോഴാണ് ആന പാഞ്ഞടുത്തത്. ഇരുവരും ഭയന്നോടി. ഇതിനിടെ റിൻസി വീണപ്പോൾ ആന ചവിട്ടി.
ഇടതുകൈ തകർന്നു, വലത് ഇടുപ്പിനുതാഴെ എല്ല് പൊട്ടി. റിൻസി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോയിക്ക് പരിക്കില്ല.
കാലടി പ്ലാന്റേഷനിലെ ഒന്പതാം ബ്ലോക്കിലും സമാന സംഭവമുണ്ടായി. പ്ലാന്റേഷൻ തൊഴിലാളി തേച്ചേരി മലയൻ സന്തോഷ് (41), ഭാര്യ സ്നേഹ (29) എന്നിവരെ തിങ്കളാഴ്‌ചയാണ് കാട്ടാന ആക്രമിച്ചത്.
ബ്ലോക്ക് പത്തിൽ സ്നേഹയുടെ കുടുംബവീട്ടിൽ കുഞ്ഞിനെ ഏൽപിച്ച് ഇവർ പുറത്തു പോയതായിരുന്നു. കുഞ്ഞിനെ എടുക്കാൻ ബൈക്കിൽ മടങ്ങി വരുന്പോഴാണ് ആനക്കൂട്ടം കുറുകെയെത്തിയത്. ആനകൾ മുന്നോട്ടുവന്നപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽനിന്ന് സ്‌നേഹ, റോഡിൽ തലയടിച്ചുവീണു. ഗുരുതരപരിക്കോടെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ്. സന്തോഷിന്റെ വലതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. കാലടി പ്ലാന്റേഷനിൽ തുടർച്ചയായി കാട്ടാന ആക്രമണം രൂക്ഷമായതോടെ ജനജീവിതം പൊറുതിമുട്ടി.









0 comments