print edition സെൻസെക്സ് 500 നഷ്ടത്തിൽ

കൊച്ചി : ഓഹരിവിപണി രണ്ടുദിവസത്തെ മുന്നേറ്റത്തിനുശേഷം ബുധനാഴ്ച നഷ്ടം നേരിട്ടു. അമേരിക്കൻ ഓഹരിവിപണികളിലെ നഷ്ടവും ഫെഡറൽ റിസർവ് ഡിസംബറിൽ പലിശനിരക്കുകൾ ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളും വിപണിയിൽനിന്ന് നിക്ഷേപകർ ലാഭമെടുത്ത് പിൻവാങ്ങിയതുമാണ് സൂചികകളെ നഷ്ടത്തിലേക്ക് നയിച്ചത്.
ബിഎസ്ഇ സെൻസെക്സ് 500.38 പോയിന്റ് (0.61 ശതമാനം) നഷ്ടത്തിൽ 82,031.81ലും എൻഎസ്ഇ നിഫ്റ്റി 159.45 പോയിന്റ് (0.63 ശതമാനം) താഴ്ന്ന് 25,227.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കൺസ്യൂമർ ഡ്യൂറബ്ൾസ്, മെറ്റൽ, ഐടി, ഓട്ടോ ഓഹരികളാണ് ഏറ്റവുമധികം വിൽപ്പനസമ്മർദം നേരിട്ടത്. ബിഎസ്ഇ കൺസ്യൂമർ ഡ്യൂറബ്ൾസ് സൂചിക 3.14 ശതമാനവും മെറ്റൽ 2.15 ശതമാനവും ഐടി 1.41 ശതമാനവും താഴ്ന്നു.
അന്താരാഷ്ട്ര, ആഭ്യന്തര വിപണികളിൽ സ്വർണം, വെള്ളി വില കുത്തനെ താഴ്ന്നതിന്റെ ആഘാതത്തിൽ ടാറ്റാ ഗ്രൂപ്പിന്റെ ലൈഫ്സ്റ്റൈൽ ഉൽപ്പന്ന കമ്പനിയായ ടൈറ്റാൻ 4.82 ശതമാനവും കല്യാൺ ജ്വല്ലേഴ്സ് 4.42 ശതമാനവും സ്വർണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് 4.10 ശതമാനവും നഷ്ടം നേരിട്ടു. ഐടി കമ്പനിയായ ടിസിഎസ് (2.49), ബജാജ് ഫിനാൻസ് (2.45), ടാറ്റാ സ്റ്റീൽ (1.51), ഇൻഫോസിസ് (1.86), മഹീന്ദ്ര ആൻഡ് മഹീന്ദ്ര(1.47), എച്ച്ഡിഎഫ്സി ബാങ്ക് (0.79), റിലയൻസ് (0.51) എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് ചില മുൻനിര ഓഹരികൾ.








0 comments