Deshabhimani

print edition ബിൽക്കിസ്‌ ബാനുവും നീതിയുടെ കൺകെട്ടും

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 19, 2026, 01:31 AM | 2 min read

‘എവിടെയുണ്ടാകുന്ന അനീതിയും എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ്‌’ എന്ന മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ പ്രസിദ്ധമായ വാക്കുകൾ നീതിയുടെ സാർവത്രിക സ്വഭാവത്തെ ഓർമിപ്പിക്കുന്നു. ആ അടിസ്ഥാന ധാർമികത മറന്നുപോയോയെന്ന ഗ‍ൗരവമേറിയ ചോദ്യമാണ്‌, ബിൽക്കിസ്‌ ബാനു കേസിലെ രണ്ടു കുറ്റവാളികളുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവ്‌ ഉയർത്തുന്നത്‌.


പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന 2002ൽ ഗുജറാത്തിലുണ്ടായ നിഷ്‌ഠുരമായ വംശഹത്യക്കിടെ അരങ്ങേറിയ അതിക്രൂരവും പൈശാചികവുമായ കുറ്റകൃത്യങ്ങളിൽ ഒന്നായിരുന്നു ബിൽക്കിസ്‌ ബാനു കേസ്‌ എന്ന്‌ ഇപ്പോൾ അറിയപ്പെടുന്ന കൂട്ടബലാത്സംഗവും കുടുംബാംഗങ്ങളുടെ കൊലപാതകവും. ബിൽക്കിസിന്റെ മൂന്നുവയസ്സുകാരിയായ മകൾ സലേഹ ഉൾപ്പെടെ അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തി.

​

സാധാരണ ജനങ്ങളെയോ ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ ലക്ഷ്യമിട്ടുള്ള വ്യാപകവും ആസൂത്രിതവുമായ അതിക്രമങ്ങളെ അന്താരാഷ്ട്രനിയമം ‘മനുഷ്യരാശിക്ക്‌ എതിരായ കുറ്റകൃത്യം’ എന്ന നിലയിലാണ്‌ നിർവചിക്കുന്നത്‌. ഗുജറാത്ത്‌ വംശഹത്യയുടെ പശ്ചാത്തലത്തിൽ ബിൽക്കിസ്‌ ബാനുവും കുടുംബവും നേരിടേണ്ടി വന്ന നിഷ്‌ഠുരമായ കുറ്റകൃത്യങ്ങളെ ‘മാനവരാശിക്ക്‌ എതിരായ കുറ്റകൃത്യം’ എന്നനിലയിൽ നമ്മുടെ നിയമസംവിധാനം പരിഗണിക്കേണ്ടതായിരുന്നു. ദ‍ൗർഭാഗ്യവശാൽ, നമ്മുടെ നീതിന്യായവ്യവസ്ഥ ബിൽക്കിസ്‌ ബാനു കേസിന്റെ മാനവികവും ഭരണഘടനാപരവുമായ മാനങ്ങൾക്ക്‌ അതർഹിച്ച പരിഗണന നൽകിയില്ല.

​

ഇ‍ൗ കേസിലെ കുറ്റവാളികൾ വർഷങ്ങളായി ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരല്ല. പ്രത്യേക സിബിഐ കോടതി 2008ൽ കുറ്റക്കാരെന്നു കണ്ടെത്തി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചവരാണ്‌. 2017ൽ ബോംബെ ഹൈക്കോടതി ശിക്ഷ ശരിവച്ചു. അതിനാൽ വിചാരണത്തടവുകാരുടെ ദീർഘകാല ജയിൽവാസത്തെക്കുറിച്ചുള്ള ന്യായം ഇവരുടെ ശിക്ഷ മരവിപ്പിക്കാൻ മതിയായ കാരണമല്ല.


ഇത്തരം കുറ്റവാളികളുടെ ശിക്ഷ മരവിപ്പിക്കുന്പോൾ കുറ്റകൃത്യത്തിന്റെ ഗ‍ൗരവം, പ്രതികളുടെ പങ്ക്‌, ഇരയുടെ സുരക്ഷ, ജാമ്യത്തിന്റെ പ്രത്യാഘാതങ്ങൾ തുടങ്ങിയ ഘടകങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കേണ്ടതായിരുന്നു. അതിനുപകരം, കുറ്റവാളികൾ ദീർഘകാലമായി ജയിൽവാസം അനുഭവിച്ചു, ഒരാൾക്ക്‌ ഗുരുതരമായ ശാരീരിക അവശതകളുണ്ട്‌ തുടങ്ങിയ കാര്യങ്ങളിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌.

​

ബിൽക്കിസ്‌ ബാനുവിനെ അറിയിക്കാതെ, അവരുടെ വാദങ്ങൾ പരിഗണിക്കാതെയാണ്‌ കുറ്റവാളികളുടെ ശിക്ഷ മരവിപ്പിച്ചതെന്ന വസ്‌തുത നീതിനിഷേധത്തിന്റെ ഗ‍ൗരവം വർധിപ്പിക്കുന്നു. മാധ്യമവാർത്തകളിലൂടെയാണ്‌ കുറ്റവാളികൾക്ക്‌ ജാമ്യം അനുവദിച്ച കാര്യം അറിഞ്ഞതെന്ന്‌ ബിൽക്കിസ്‌ ബാനു വ്യക്തമാക്കിയിട്ടുണ്ട്‌. ജഗജീത്‌ സിങ്–ആശിഷ്‌ മിശ്ര (2022) കേസിൽ ഇരയുടെ അവകാശങ്ങളെക്കുറിച്ച്‌ സുപ്രീംകോടതി നിർണായകമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്‌.


അന്വേഷണഘട്ടംമുതൽ വിചാരണയും അപ്പീൽ നടപടികളും അവസാനിക്കുന്നതുവരെ നിയമനടപടികളിൽ പങ്കാളിയാകാനും പ്രധാനഘട്ടങ്ങളിലെല്ലാം വാദങ്ങൾ അവതരിപ്പിക്കാനും ഇരയ്‌ക്ക്‌ അവകാശമുണ്ടെന്ന്‌ സുപ്രീംകോടതി ഇ‍ൗ കേസിൽ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ സാന്നിധ്യം ഇരയ്‌ക്ക്‌ തന്റെ വാദങ്ങൾ അവതരിപ്പിക്കാനുള്ള അവകാശത്തിന്‌ പകരമാകുന്നില്ലെന്നും കോടതി അന്ന്‌ കൂട്ടിച്ചേർത്തു.

ബിൽക്കിസ്‌ ബാനു കേസിന്റെ മുൻചരിത്രം പുതിയ ഉത്തരവിനെതിരെ നൈതികവും ധാർമികവുമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. 2022 ആഗസ്‌ത്‌ 15ന്‌ ഗുജറാത്ത്‌ സർക്കാർ ഇ‍ൗ കേസിലെ 11 കുറ്റവാളികളെയും ശിക്ഷാ ഇളവ്‌ നൽകി മോചിപ്പിച്ചിരുന്നു.


സിബിഐ അന്വേഷിച്ച കേസായതിനാൽ ശിക്ഷാ ഇളവ്‌ നൽകുന്നതിനുമുന്പ്‌ കേന്ദ്രസർക്കാരുമായി കൂടിയാലോചന നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുകൂലനിലപാടിനെ തുടർന്നാണ്‌ കുറ്റവാളികൾക്ക്‌ ശിക്ഷാ ഇളവ്‌ ലഭിച്ചതെന്ന്‌ ഗുജറാത്ത്‌ സർക്കാർരേഖകൾ വ്യക്തമാക്കി. കുറ്റവാളികൾ ജയിൽമോചിതരായപ്പോൾ ഗോധ്രയിൽ വിഎച്ച്‌പി ഗംഭീര വരവേൽപ്പ് ഒരുക്കി മധുരം നൽകി ആഘോഷിച്ചു. 2024 ജനുവരി എട്ടിന്‌ ജസ്റ്റിസ്‌ ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച്‌ ശിക്ഷാ ഇളവ്‌ റദ്ദാക്കി.


നീണ്ട നിയമപോരാട്ടത്തിനുശേഷം ബിൽക്കിസ്‌ ബാനു നേടിയെടുത്ത വലിയ വിജയമായിരുന്നു ഇ‍ൗ കോടതി ഉത്തരവ്‌. ഇപ്പോൾ രണ്ടു കുറ്റവാളികൾക്ക്‌ ജാമ്യം ലഭിച്ചത്‌ ചൂണ്ടിക്കാണിച്ച്‌ ബാക്കിയുള്ള കുറ്റവാളികളും ഉടൻ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്‌.

​

ശാരീരിക അവശതകളുടെ പേരിലാണ്‌ കുറ്റവാളികൾക്ക്‌ സുപ്രീംകോടതി നീതി അനുവദിച്ചതെങ്കിൽ, പാർക്കിൻസൺസ്‌ രോഗബാധിതനായ എൺപത്തിമൂന്നുകാരനായ ഫാ. സ്റ്റാൻ സ്വാമിക്കും 90 ശതമാനത്തിലധികം ശാരീരികവിഷമതകൾ അനുഭവിച്ച പ്രൊഫ. ജി എൻ സായ്‌ബാബയ്‌ക്കും ആ നീതി നിഷേധിച്ചത്‌ എന്തുകൊണ്ടാണെന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്‌. നീതിയുടെ കണ്ണുകൾ കെട്ടിയിരിക്കുന്നത്‌ പക്ഷപാതം ഒഴിവാക്കാനാണെന്നാണ്‌ പൊതുസങ്കൽപ്പം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Cochin DB

03

print edition ദേവസ്വം 
റിക്രൂട്ട്മെന്റ്: 
പ്രമാണ 
പരിശോധനകൾ
Sensex.jpg

04

print edition സെൻസെക്സ് 500 നഷ്ടത്തിൽ
KSRTC

05

print edition ആനവണ്ടി ഇനി "സ്വകാര്യ വണ്ടി'
deshabhimani section

Recommended

Deshabhimani
Home