കലാഭവൻ നവാസിന് നാട് വിടയേകി

കലാഭവൻ നവാസിന് നടന്മാരായ ലാലും സുരേഷ്കൃഷ്ണയും അന്ത്യാഞ്ജലിയർപ്പിക്കുന്നു
കൊച്ചി
നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന് നാടിന്റെ അന്ത്യാഞ്ജലി. നവാസിന്റെ മൃതദേഹം ശനി രാവിലെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഒന്നേമുക്കാലോടെ ആലുവ നാലാംമൈലിലെ ‘നെസ്റ്റ്’ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ കല–സാംസ്കാരിക–രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു.
വ്യവസായമന്ത്രി പി രാജീവ് സംസ്ഥാന സർക്കാരിനുവേണ്ടി ആദരാഞ്ജലി അർപ്പിച്ചു. ഹൈബി ഇൗഡൻ എംപി, അഭിനേതാക്കളായ ശ്വേത മേനോൻ, സിദ്ദിഖ്, ജയസൂര്യ, സായ്കുമാർ, ലാൽ, ദേവൻ, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, കലാഭവൻ പ്രസാദ്, വിനോദ് കോവൂർ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, ആലുവ നഗരസഭാ ചെയർമാൻ എം ഒ ജോൺ, സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു. വൈകിട്ട് നാലോടെ ആലുവ ടൗൺ ജുമാ മസ്ജിദിൽ എത്തിച്ചു. പൊതുദർശനത്തിനുശേഷം ആറോടെ ഖബറടക്കി.
വെള്ളി രാത്രിയാണ് നവാസിനെ ചോറ്റാനിക്കര ഗവ. ഹൈസ്‌കൂൾ മൈതാനത്തിന് എതിർവശത്തെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ‘പ്രകമ്പനം' സിനിമയുടെ ഷൂട്ടിങ്ങിനായാണ് നവാസ് ഹോട്ടലിൽ താമസിച്ചിരുന്നത്.









0 comments