നവാസിന്റെ വിയോഗം
ആലുവയ്ക്ക് നഷ്ടപ്പെട്ടത് സൗമ്യനായ കലാകാരനെ ; ഞെട്ടലോടെ സിനിമാലോകം

ആലുവ
ആലുവക്കാർക്ക് ഏറെ പ്രിയങ്കരനായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത മരണം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും അവിശ്വസനീയവും ദുഃഖകരവുമായി. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന, നാട്ടിലെ പരിപാടികളിൽ സജീവമായി ഭാഗഭാക്കാകുന്ന കലാകാരനെയാണ് ആലുവക്കാർക്ക് നഷ്ടപ്പെട്ടത്. നാലാംമൈലിൽ ഭാര്യ രഹ്നയുടെ ബാപ്പ കൊച്ചിൻ ഹസ്സനാരുടെ കുടുംബത്തിന് സമീപമാണ് നവാസും കുടുംബവും താമസിക്കുന്നത്.
ആലുവ ചൂണ്ടി സ്നേഹാലയത്തിന് സമീപമുള്ള സ്വന്തം വീട് വാടകയ്‌ക്ക് കൊടുത്തിരിക്കുകയാണ്. വടക്കാഞ്ചേരി സ്വദേശിയായ നവാസ് ആലുവ പട്ടേരിപ്പുറത്തുള്ള, പിതൃസഹോദരിയുടെ വീടുമായി ബന്ധപ്പെട്ടാണ് ആദ്യകാലത്ത് ആലുവയിൽ എത്തിയത്. പിന്നീട്, പള്ളുരുത്തിയിൽനിന്ന് ആലുവയിൽ സ്ഥിരതാമസമാക്കിയ നാടകനടൻ കൊച്ചിൻ ഹസ്സനാരുടെ മകളും നടിയുമായ രഹ്നയെ വിവാഹം കഴിച്ചു. ഇതോടെ നവാസ് ആലുവക്കാരനായി മാറി. ചൂണ്ടിയിലെ ഒരുമ റസിഡന്റ്‌സ് അസോസിയേഷൻ അംഗമായിരുന്ന നവാസ് അസോസിയേഷൻ പരിപാടികളിലും പങ്കെടുത്തിരുന്നു. മൂത്ത സഹോദരന്‍ നിയാസ് ബക്കര്‍ എടയപ്പുറം തുരുത്തി ലെയ്നിലും ഇളയ സഹോദരന്‍ നിസാം എടയപ്പുറം ചാത്തംപുറം കോണത്തുകാട്ടിലുമാണ് താമസിക്കുന്നത്.
ഞെട്ടലോടെ സിനിമാലോകം
കലാഭവൻ നവാസിന്റെ മരണവാർത്ത കേട്ട് ഞെട്ടലോടെ സിനിമ–-മിമിക്രി ലോകം. വെള്ളി രാത്രി പത്തോടെയാണ് നവാസിന്റെ മരണവാർത്ത ചാനലുകളിലൂടെ സഹപ്രവർത്തകർ അറിഞ്ഞത്. ‘പ്രകമ്പനം’ സിനിമയുടെ ഷൂട്ടിങ്ങിനായി ചോറ്റാനിക്കര വൃന്ദാവൻ ഹോട്ടലിൽ താമസിക്കുന്നതിനിടെയായിരുന്നു നവാസിന്റെ വിയോഗം. ‘പ്രകമ്പനം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റിലെ ചിത്രങ്ങൾ നാലു ദിവസംമുമ്പ് നവാസ് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിരുന്നു. ‘പ്രകമ്പനം തുടങ്ങി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
രമേഷ് പിഷാരടി, കലാഭവൻ പ്രസാദ്, കലാഭവൻ ഷാജോൺ, പി പി കുഞ്ഞിക്കൃഷ്‌ണൻ, മണികണ്‌ഠൻ ആചാരി, കൈലാഷ്, ലക്ഷ്‌മിപ്രിയ, നസീർ സംക്രാന്തി, ഗണപതി, സാഗർ സൂര്യ, അസീസ് നെടുമങ്ങാട്, ബിജുകുട്ടൻ, സരയു, മണികണ്‌ഠൻ പട്ടാമ്പി, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവർ മരണവാർത്തയറിഞ്ഞ് ചോറ്റാനിക്കരയിലെത്തി. ശനി, ഞായർ ദിവസങ്ങളിൽ നവാസിന് ഷൂട്ടിങ് ഇല്ലായിരുന്നു. അദ്ദേഹം വീട്ടിൽ പോകാൻ ഇരിക്കുകയായിരുന്നുവെന്ന് സഹ അഭിനേതാവ് പി പി കുഞ്ഞിക്കൃഷ്‌ണൻ പറഞ്ഞു. ചിത്രത്തിൽ ഗണപതിയാണ് നായകൻ. ഗണപതിക്കും മറ്റു അണിയറപ്രവർത്തകർക്കുമൊപ്പം നിൽക്കുന്ന ചിത്രവും നവാസ് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിരുന്നു.
കലാഭവൻ സംസ്ഥാനത്ത് അടുത്തനാളിൽ ആദ്യമായി സംഘടിപ്പിച്ച മിമിക്‌സ് ശിൽപ്പശാലയുടെ ഉദ്‌ഘാടനച്ചടങ്ങിലും മുഖ്യാതിഥിയായി നവാസ് പങ്കെടുത്തിരുന്നു. നിരവധി ചാനൽ ഷോകളിൽ വിധികർത്താവുമായിരുന്നു.

നവാസ് ‘പ്രകമ്പനം’ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ









0 comments