print edition നേട്ടങ്ങൾക്ക് പിന്നിൽ കേരളത്തിന്റെ ഒരുമ : മുഖ്യമന്ത്രി

അബുദാബിയിൽ കൈരളി ടിവി യുടെ രജതജൂബിലി ആഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മമ്മൂട്ടി, ജോൺ ബ്രിട്ടാസ് എംപി എന്നിവർ
തിരുവനന്തപുരം
ജനങ്ങളുടെ ഒരുമയും ഐക്യവുമാണ് കേരളത്തിന്റെ നേട്ടങ്ങൾക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈരളി ടിവിയുടെ രജതജൂബിലി ആഘോഷ ചടങ്ങിൽ, നടൻ മമ്മൂട്ടിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
മറ്റ് മുഖ്യമന്ത്രിമാർക്ക് ആർക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ദുരന്തങ്ങളെയും പകർച്ചവ്യാധികളെയുമൊക്കെ എങ്ങനെയാണ് ആത്മധൈര്യത്തോടെ അതിജീവിച്ചതെന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. നാടും ജനതയും കാണിച്ച ഒരുമയാണ് ഏത് പ്രതിസന്ധിയെയും നേരിടാൻ പ്രാപ്തമാക്കിയത്. അസാധ്യം എന്നൊന്നില്ല എന്ന് കേരളം തെളിയിക്കുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.
10 വർഷമായി കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നത് ചരിത്രമാണെന്നും എന്താണ് ആദ്യത്തെ അഞ്ച് വർഷവും രണ്ടാമത്തെ അഞ്ച് വർഷവും തമ്മിലുള്ള വ്യത്യാസമെന്നുമായിരുന്നു മമ്മൂട്ടിയുടെ മറ്റൊരു ചോദ്യം. 2021ൽ തുടർഭരണം ജനങ്ങൾ സമ്മാനിച്ചപ്പോൾ 2016 മുതൽ എന്താണോ നടപ്പാക്കിയത്, അവ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനും നല്ല ഫലം സൃഷ്ടിക്കാനുമായി. അതിന്റെ ഭാഗമാണ് അതിദാരിദ്ര്യമുക്തമായ കേരളമെന്നുമായിരുന്നു ഉത്തരം.
മുഖ്യമന്ത്രി എന്നനിലയിലും വ്യക്തി എന്നനിലയിലും പിണറായി വിജയൻ നേരിട്ട ഒരുപാട് പ്രതിരോധങ്ങളും ആക്ഷേപങ്ങളെയും കുറിച്ചായിരുന്നു അവസാന ചോദ്യം. അതൊക്കെ എന്ത് തരത്തിലുള്ള വികാരമാണുണ്ടാക്കിയതെന്നും എങ്ങനെയാണ് മനസുകൊണ്ട് പ്രതികരിക്കുന്നതെന്നും മമ്മൂട്ടി ചോദിച്ചു. അവയൊന്നും തന്നെ ബാധിക്കാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബോധപൂർവം സൃഷ്ടിക്കുന്ന ചില കാര്യങ്ങളായതിനാൽ അതിന്റെ പിന്നാലെ പോകാൻ നേരമില്ല. വേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ആ കാര്യങ്ങൾ നിർവഹിച്ചാൽ നാട് കൂടുതൽ നല്ല നിലയിലേക്ക് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.









0 comments