print edition കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: മുഖ്യപ്രതി റിനീഷിനായി ലുക്കൗട്ട് നോട്ടീസ്


സ്വന്തം ലേഖകൻ
Published on Jul 06, 2026, 12:01 AM | 1 min read
വടകര: കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ് കേസിൽ മുഖ്യപ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ്. സൊസൈറ്റി ഡയറക്ടറായിരുന്ന പേരാമ്പ്ര എട്ടുതെങ്ങുള്ളതിൽ റിനീഷിന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസിൽ പ്രതിയായ റിനീഷിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല.
സൊസൈറ്റിയിൽ നിക്ഷേപം സ്വീകരിക്കുന്നതിലും പണം തിരിമറി നടത്തിയതിലും റിനീഷിന് മുഖ്യപങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡയറക്ടറായിരിക്കെ സൊസൈറ്റി കരാറെടുക്കുന്ന പ്രവൃത്തികളുടെ ചുമതല റിനീഷിനായിരുന്നു. റിനീഷിന് ചുമതല നൽകിയതിലെ അപാകം സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുമുണ്ട്. സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് സഹകരണ സംഘം ഓഡിറ്റ് ജോ. ഡയറക്ടർ കോഴിക്കോട്ട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് സഹകരണ വകുപ്പ് 2025 ഡിസംബർ എട്ടിന് വടകര പൊലീസിൽ പരാതി നൽകിയിരുന്നു. റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിൽ സൊസൈറ്റി മുൻ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ വടകര അടക്കാത്തെരു പഴങ്കാവിൽ പറമ്പത്ത് ടി വി സുധീർ കുമാറിനെ കഴിഞ്ഞദിവസമാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
അതേസമയം, റിമാൻഡിൽ കഴിയുന്ന സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങും. സംഘത്തിന്റെ സെക്രട്ടറി പ്രീനയാണ് കേസിൽ രണ്ടാംപ്രതി. ഇവർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സുധീർ കുമാർ വടകര കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച കോടതി വാദം കേൾക്കും.










0 comments