print edition സുഗതന്റെ അവധി: സർക്കാർ നടപടി കണ്ണിൽ പൊടിയിടൽ; ആനുകൂല്യം റദ്ദാകില്ല

തിരുവനന്തപുരം: കാപ്പ കേസ് പ്രതി സുഗതന്റെ അവധി അപേക്ഷയ്‌ക്ക് അനുകൂലമായി കത്ത് റദ്ദാക്കിയാലും ലഭിച്ച സഹായം റദ്ദാകില്ല. ജയിലിൽ കഴിയുന്ന സുഗതന് കോർപറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിൽ ലഭിച്ച അവധി റദ്ദാകണമെങ്കിൽ അതിന് സർക്കാർതന്നെ ഇടപെടണം. ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായാണ് ആഭ്യന്തരവകുപ്പ് സുഗതന് അനുകൂലമായ കത്ത് നൽകിയത്. അതിനാൽ അവധി റദ്ദാക്കാനുള്ള തുടർനടപടിക്ക് സാധ്യതയില്ല. ഡീൽ പിടിക്കപ്പെട്ടതോടെ തദ്ദേശ, ആഭ്യന്തര വകുപ്പുകൾ കണ്ണിൽ പൊടിയിടാനാണ് കത്ത് പിൻവലിച്ചത്.
സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ പരോളിന് അപേക്ഷ നൽകിയിരുന്നു. ഇൗ അപേക്ഷ നിരസിക്കുന്നതിനുപകരം ആഭ്യന്തരവകുപ്പ് തദ്ദേശവകുപ്പിൽനിന്ന് റിപ്പോർട്ട് തേടി. അതോടെ, പരോൾ അനുവദിക്കാൻ പാടില്ലെന്നും അവധിക്ക് അർഹതയുണ്ടെന്നും തദ്ദേശവകുപ്പ് ആഭ്യന്തരവകുപ്പിന് കത്ത് നൽകി. ഇൗ കത്ത് ആധാരമാക്കി സുഗതന് അവധി നൽകുന്നതിന് ആഭ്യന്തരവകുപ്പ് രഹസ്യവിഭാഗം കോർപറേഷൻ സെക്രട്ടറിക്ക് കത്തും നൽകി. തുടർന്ന് സുഗതന് അവധിയും ലഭിച്ചു.
തുടർച്ചയായി മൂന്നുവട്ടം കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ സുഗതൻ അയോഗ്യനാക്കപ്പെടുമായിരുന്ന ജൂലെെ 31ന് ചേർന്ന സുപ്രധാന കൗൺസിലിലാണ് അയോഗ്യത നീക്കുന്നതും ബിജെപി ഭരണസമിതിയുടെ നിലനിൽപ്പിന് സഹായകരമായ ആഭ്യന്തരവകുപ്പിന്റ കത്ത് മേയർ വായിച്ചതും. ഇത് യുഡിഎഫിന് നാണക്കേടായിരുന്നു. ഹൈക്കോടതി കാപ്പ ഉപദേശകസമിതിയുടെ നിർദേശപ്രകാരം സുഗതന് ആറുമാസം ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയില്ല. അയോഗ്യത വരാതിരിക്കാൻ ജയിൽ സൂപ്രണ്ട് മുഖേന കൗൺസിലിന് അവധി അപേക്ഷ സമർപ്പിക്കാൻ അനുവാദമുണ്ടെന്ന് ആഭ്യന്തര (രഹസ്യവിഭാഗം എ) വകുപ്പാണ് സർക്കുലർവഴി നിർദേശിച്ചത്.
മുനിസിപ്പാലിറ്റി ആക്ടിനെ മറികടന്ന് ജനാധിപത്യലംഘനം നടത്തിയാണ് ആറുമാസത്തെ അവധി അനുവദിച്ചെടുത്തത്. കൗണ്‍സിലില്‍ വോട്ടിങ്ങിന് അവധി അപേക്ഷയില്‍ യുഡിഎഫ് വിമതനടക്കം വോട്ടും ചെയ്തിരുന്നു. 1994ലെ മുനിസിപ്പാലിറ്റി ആക്ട്, 2007ലെ കേരള സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവപ്രകാരം കാപ്പ കേസിൽ കരുതൽ തടങ്കലിലുള്ള കൗൺസിലർക്ക് പ്രത്യേക അവധിയോ ഇളവോ അനുവദിക്കുന്ന വ്യവസ്ഥയില്ലെന്നിരിക്കെയാണ് സർക്കാർ ഒത്താശയിൽ കൗൺസിലർസ്ഥാനം നിലനിര്‍ത്താന്‍ വഴിയൊരുക്കിയത്.
സംഭവത്തിൽ സർക്കാർകൂടി പ്രതിരോധത്തിലായതോടെ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌തു. എന്നാൽ, റിപ്പോർട്ടിൽ അന്തിമതീരുമാനമെടുത്ത് കത്ത് പുറപ്പെടുവിച്ച ആഭ്യന്തരം രഹസ്യവിഭാഗം അണ്ടർ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയില്ല.










0 comments