ad
Deshabhimani

14 വർഷം പുറത്തുനിർത്തിയിട്ടും തളരാത്ത പോരാട്ടം; ഒടുവിൽ 
മാനുവൽ പിടിയിറങ്ങി

k a manuel ags office
avatar
സ്വന്തം ലേഖകൻ

Published on May 31, 2026, 11:30 AM | 1 min read

തിരുവനന്തപുരം : തെറ്റായ തീരുമാനങ്ങൾക്കെതിരെ സമരംചെയ്‌തതിന്‌ പിരിച്ചുവിടപ്പെട്ട്‌ 14 വർഷം പുറത്തുനിന്ന്‌ നിയമപരമായി പോരാടി ഒടുവിൽ സർവീസിൽ തിരിച്ചുകയറിയ കെ എ മാനുവൽ ശനിയാഴ്‌ച എജീസ്‌ ഓഫീസിന്റെ പടിയിറങ്ങി. അത്രയും കാലം ശമ്പളമില്ലാതിരുന്നിട്ടും മനക്കരുത്ത്‌ വിടാതെ നീതിക്കായുള്ള സമരത്തിലായിരുന്നു മാനുവൽ.


എജീസ്‌ ഓഫീസിലെ ഓഡിറ്റ്‌ അസിസ്‌റ്റന്റ്‌ ആയിരിക്കെ 2009 മാർച്ച്‌ അഞ്ചിനാണ്‌ ജീവനക്കാരായ മാനുവലിനെയും എസ്‌ അനിലിനെയും പിരിച്ചുവിട്ടത്‌. 130 പേരെ ഇൻക്രിമെന്റ്‌ തടഞ്ഞ്‌ തരംതാഴ്‌ത്തി. എജീസ്‌ ഓഫീസിലെ ജോലികൾ പുറംകരാർ നൽകുന്നതിനെതിരായി ഓഡിറ്റ്‌ ആൻഡ്‌ അക്ക‍ൗണ്ട്‌സ്‌ അസോസിയേഷൻ നടത്തിയ തുടർച്ചയായ സമരമായിരുന്നു കേന്ദ്രസർക്കാരിനെ പ്രകോപിപ്പിച്ചത്‌. നിലവിലുള്ള ജീവനക്കാരെ ബാധിക്കില്ലെങ്കിലും ജോലിക്കായി കാത്തിരിക്കുന്നവർക്കു വേണ്ടിയായിരുന്നു സമരം. ഓഡിറ്റ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്നു മാനുവൽ. കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണൽ മാനുവലിനെ തിരിച്ചെടുക്കാൻ ഉത്തരവിട്ടെങ്കിലും അംഗീകരിക്കാതെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ പോയി. അവിടുന്നും മാനുവലിന്‌ അനുകൂലമായ വിധി.


സുപ്രീം കോടതിയിൽനിന്ന്‌ കേന്ദ്രസർക്കാരിന്‌ തിരിച്ചടി കിട്ടിയെങ്കിലും തിരിച്ചെടുക്കാൻ സന്നദ്ധമായില്ല. രണ്ടരമാസം കഴിഞ്ഞ്‌ കോടതിയലക്ഷ്യ നടപടിയിലേക്ക്‌ മാനുവൽ കടന്നപ്പോഴാണ്‌ തിരിച്ചെടുത്തത്‌. എന്നാൽ 2023 മാർച്ച്‌ 31ന്‌ പുനർനിയമനം നൽകിയത്‌ 14 വർഷം മുമ്പത്തെ അതേ തസ്‌തികയിൽ, അതേ ശമ്പളത്തിലായിരുന്നു. അതേ തസ്‌തികയിൽനിന്നാണ്‌ വിരമിച്ചതും. ഓഡിറ്റ്‌ അസോസിയേഷൻ കാറ്റഗറി 2 സംഘടനയുടെ പ്രസിഡന്റാണ്‌ അദ്ദേഹം. വി എസ്‌ പ്രതിപക്ഷ നേതാവായിരിക്കെ കുറച്ചുകാലം പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗമായിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്റെയും എം എം മണിയുടേയും സ്‌റ്റാഫിലും പ്രവർത്തിച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടി മണിക്കടവ്‌ സ്വദേശിയാണ്‌ മാനുവൽ. എജീസ്‌ ഓഫീസ്‌ ജീവനക്കാരി എൽസമ്മയാണ്‌ ഭാര്യ. മക്കൾ: അഥീനി, അഖിലൻ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home