സംഭാഷണത്തിൽ സിപിഐ എമ്മിന്റെ ഒരു നേതാവുമില്ല ; 50 ലക്ഷം വാഗ്‌ദാനം നൽകിയെന്നത് ശുദ്ധ അസംബന്ധം
print edition കോൺഗ്രസിന്റെ ദുരവസ്ഥ മറയ്‌ക്കാൻ പുകമറ : കെ വി അബ്‌ദുൾഖാദർ

തൃശൂർ
കോൺഗ്രസ് ചെന്നുപ്പെട്ട അപമാനകരമായ രാഷ്‌ട്രീയാവസ്ഥ വഴിതിരിച്ചുവിടാനുള്ള അഭ്യാസമാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ പേരിലുള്ള കള്ളപ്രചാരണമെന്ന് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരാളെയും ചാക്കിട്ടുപിടിക്കാനുള്ള ശ്രമം സിപിഐ എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 50 ലക്ഷം വാഗ്‌ദാനം നൽകിയെന്നത് ശുദ്ധ അസംബന്ധമാണ്. പ്രചരിപ്പിക്കപ്പെട്ട ഫോൺ സംഭാഷണം ആര് തമ്മിലുള്ളതാണ്. അതിൽ സിപിഐ എം നേതാക്കളാരുമില്ല. ആരുമായും ബന്ധപ്പെട്ടിട്ടില്ല. അത് അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സ്വതന്ത്ര അംഗം വോട്ട് മാറിചെയ്‌തിട്ടുണ്ടെങ്കിൽ അത് അവരുടെ രാഷ്‌ട്രീയമായ വീഴ്‌ചയാണ്. രാഷ്‌ട്രീയമായി യുഡിഎഫ് നിലപാടുകൾ മാറ്റിയാൽ ആരായാലും സംരക്ഷണമുണ്ടാവും.
മറ്റത്തൂരിൽ ബിജെപിയുമായി കുതിരക്കച്ചവടം നടത്തിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്. പല വാർഡുകളിലും ബിജെപി– കോൺഗ്രസ് ഡീലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന് എട്ട് സീറ്റ് ലഭിച്ചത്. ബിജെപി നാല് സീറ്റും നേടി. എന്നാൽ എൽഡിഎഫ് 10 സീറ്റ് നേടി. കോൺഗ്രസ് അംഗങ്ങൾ രാജിവച്ച് ബിജെപിയുമായി സംഖ്യത്തിലാവുകയായിരുന്നു. പാറളത്ത് എൻഡിഎക്കും യുഡിഎഫിനും തുല്യമായിരുന്നു. എന്നാൽ കോൺഗ്രസ് അംഗം വോട്ട് അസാധുവാക്കി ബിജെപിയെ ഭരണത്തിലേറ്റി.
ഭരണമുണ്ടായിരുന്ന തിരുവില്വാമലയിൽ കോൺഗ്രസിന് ഒരു സീറ്റ് പോലുമില്ല. കോൺഗ്രസ് നേതാക്കളാണ് ബിജെപിയെ ഭരണത്തിലെത്തിച്ചത്. ഇത്തരം യാഥാർഥ്യങ്ങൾ മറച്ചുവച്ചാണ് കള്ളപ്രചാരണം. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ വാക്കിന് പാർടിയിൽ വല്ല വിലയുമുണ്ടോ. എസ്‌ഡിപിഐ പിന്തുണയോടെ വിജയിച്ച ചൊവ്വന്നൂരിലും ബിജെപി പിന്തുണയോടെ ജയിച്ച മറ്റത്തൂരിലും സ്ഥാനങ്ങൾ രാജിവയ്‌ക്കണമെന്ന ടാജറ്റിന്റെ വാക്കുകൾ കോൺഗ്രസ് നേതാക്കൾ പരസ്യമായി തള്ളിയില്ലേ– ചോദ്യങ്ങൾക്ക് മറുപടിയായി കെ വി അബ്‌ദുൾഖാദർ പറഞ്ഞു.
ജില്ലയിൽ ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നീ തദ്ദേശസ്ഥാപനങ്ങളിൽ എൽഡിഎഫിന് വ്യക്തമായ ആധിപത്യമുണ്ട്. കോർപറേഷൻ നഷ്ടപ്പെട്ടുവെന്നത് വസ്‌തുതയുമാണ്. ഏഴ് പഞ്ചായത്തും വടക്കാഞ്ചേരി ഉൾപ്പെടെ രണ്ട് ബ്ലോക്ക് പഞ്ചായത്തും തുല്യമായി വന്നു. ഒരിടത്തും കുതിരക്കച്ചവടത്തിന് ഞങ്ങൾ തയ്യാറായില്ല. ബിജെപിയും എസ്‌ഡിപിഐയും പിന്തുണച്ച് വിജയിച്ചാൽ സ്ഥാനം രാജിവയ്‌ക്കണമെന്നാണ് പാർടി ജില്ലയിൽ നിലപാട്. അത്തരം സാഹചര്യം ഇല്ലാതെ തെളിമയാർന്ന രാഷ്‌ട്രീയമാണ് എൽഡിഎഫ് ഉയർത്തിപ്പിടിച്ചതെന്നും കെ വി അബ്‌ദുൾഖാദർ പറഞ്ഞു.










0 comments