മലയാള സർവകലാശാലാ ആസ്ഥാനം ; ഭൂമി കണ്ടെത്തിയത് യുഡിഎഫ് സർക്കാർ : കെ ടി ജലീൽ

മലപ്പുറം
മലയാള സർവകലാശാലയ്ക്ക് തിരൂർ മാങ്ങാട്ടിരിയിൽ ഭൂമി ഏറ്റെടുക്കാൻ നടപടി ആരംഭിച്ചതും തുക നിശ്ചയിച്ചതും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് കെ ടി ജലീൽ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂമി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2016 ഫെബ്രുവരി 17ന് ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലത്ത് മലപ്പുറം കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ഭൂമി ഏറ്റെടുക്കലിനുള്ള സമ്മതപത്രം സ്ഥലം ഉടമകൾ ഒപ്പുവച്ചത്. സെന്റിന് 1.7 ലക്ഷം രൂപയ്ക്ക് 17.21 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു ധാരണ. ഭൂമിയിൽ നിർമാണം നടത്താൻ കഴിയില്ലെന്ന അഭിപ്രായമുയർന്നതോടെ തുടർന്നുവന്ന എൽഡിഎഫ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ച് പഠനം നടത്തി. യുഡിഎഫ് സർക്കാർ കണ്ടെത്തിയ ഉപയോഗയോഗ്യമല്ലാത്ത 6.5 ഏക്കർ വേണ്ടെന്നുവച്ചു. ബാക്കി 11 ഏക്കർ സെന്റിന് 1.6 ലക്ഷം രൂപ നൽകി ഏറ്റെടുത്തു.
ഭൂമി ഏറ്റെടുക്കലിന്റെ അവസാന നടപടിക്രമം തന്റെ കാലത്തുവന്നത് സ്വാഭാവികമാണ്. സ്ഥലത്ത് ഹരിത ട്രിബ്യൂണലിന്റെ നിർമാണാനുമതി പൂർണമായും ലഭിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽനിന്നും സുപ്രീംകോടതിയിൽനിന്നും നിർമാണത്തിന് അനുകൂല വിധിയുമുണ്ടായി. സാമ്പത്തിക പ്രയാസത്താലാണ് നിർമാണം ആരംഭിക്കാത്തത്. തിരൂർ എംഎൽഎയും നിർമാണം വേഗത്തിലാക്കാൻ താൽപ്പര്യം കാണിച്ചില്ല.
ഏറ്റെടുക്കേണ്ട ഭൂമിക്ക് യുഡിഎഫ് സർക്കാർ ഉയർന്ന വില നിശ്ചയിച്ചത് പറമ്പുകച്ചവടക്കാരുടെയും ലീഗ് നേതാക്കളുടെയും താൽപ്പര്യത്തിന് വഴങ്ങിയാണോയെന്ന് സംശയിക്കണം. ഭൂമി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെങ്കിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ മന്ത്രിമാരായ പി കെ അബ്ദുറബ്ബിനോടും പി കെ കുഞ്ഞാലിക്കുട്ടിയോടുമാണ് ചോദിക്കേണ്ടതെന്നും ജലീൽ തിരൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.









0 comments