അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് വാഗ്ദാനങ്ങൾ നൽകിയെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത് പദവികൾ നൽകി ആദരിക്കുമെന്ന ഫോർമുലയുടെ ഭാഗമായെന്ന് കെ സുധാകരൻ. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്. പല സ്ഥാനങ്ങളും വാഗ്ദാനം ചെയ്‌തെന്നും പ്രത്യേക ഇളവ് നൽകി നിയസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകുമെന്ന് പറഞ്ഞെന്നും സുധാകരൻ വെളിപ്പെടുത്തി. യുഡിഎഫ് പത്രത്തിന്റെ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ വെളിപ്പെടുത്തൽ.
കർണാടകയിലെ ബെൽഗാവി സമ്മേളനത്തിന് ശേഷം ആറു സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ മാറ്റിയെന്നും കേരളത്തിലും മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നുമാണ് കെ സി വേണുഗോപാൽ പറഞ്ഞത്. ഉചിതമായ ആദരം നൽകുമെന്നും പ്രവർത്തക സമിതി അംഗത്വത്തിനൊപ്പം താൻ പറയുന്ന ആളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നും വാഗ്ദാനം ചെയ്തു.
എന്നാൽ തന്റെ ആഗ്രഹം പരിഗണിക്കാതെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നെന്നു സുധാകരൻ പറയുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ തുടരാൻ അവസരം നൽകണമെന്ന ധാരണയിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും കണ്ടത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കണമെന്നായിരുന്നു ആഗ്രഹം. രണ്ടുപേരും മറണമെന്ന് ആവശ്യപ്പെടാതിരുന്നതോടെ മാറേണ്ടി വരില്ലെന്നായിരുന്നു താൻ കരുതിയത്. കണ്ണൂരിലെ തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഖാർഗെയ്ക്ക് മനസിലായില്ലെന്നും രാഹുൽ ഗാന്ധിയാണ് അത് മനസിലാക്കിക്കൊടുത്തതെന്നും സുധാകരൻ പറഞ്ഞു.
അതേസമയം കെപിസിസി പ്രസിഡന്റുപദം കൈമോശം വന്നതിന്റെ നിരാശയിലെ വെളിപ്പെടുത്തൽ കോൺഗ്രസ് വീണ്ടും തലവേദയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള ആഗ്രഹത്തിന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തലുകൾ. കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സീറ്റിൽ മത്സരിക്കാനാണ് സുധാകരന്റെ ലക്ഷ്യം.









0 comments