നേതൃത്വത്തോട്‌ ഏറ്റുമുട്ടാൻ സുധാകരൻ

k sudhakaran
avatar
വിനോദ്‌ പായം

Published on May 17, 2025, 02:03 AM | 1 min read


കണ്ണൂർ

കെപിസിസി പ്രസിഡന്റുപദം കൈമോശം വന്നതിന്റെ നിരാശയിൽ രണ്ടും കൽപ്പിച്ചുള്ള നീക്കത്തിന്‌ കെ സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച്‌ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി, സ്ഥാനമോഹികളായ മുതിർന്ന നേതാക്കളോട്‌ ഏറ്റുമുട്ടാനാണ്‌ തീരുമാനം. സമുദായ സമവാക്യംകൊണ്ടുമാത്രം കോൺഗ്രസിന്‌ ഭരണം കിട്ടില്ലെന്നും സ്ഥാനമോഹികളായ നേതാക്കളുടെ ആഗ്രഹം ഉടൻ സഫലമാകില്ലെന്നും കഴിഞ്ഞ ദിവസം പറഞ്ഞത്‌ അതുകൊണ്ടുകൂടിയാണ്‌.


താൻ രംഗത്തുണ്ടായാൽ തെരഞ്ഞെടുപ്പിൽ ഗുണംചെയ്യുമെന്ന പ്രതീതിയുണ്ടാക്കാനാണ്‌ എല്ലാ മാധ്യമങ്ങൾക്കും സുധാകരൻ മത്സരിച്ച്‌ അഭിമുഖം കൊടുത്തത്‌. അതിലെല്ലാം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും പ്രതിപക്ഷനേതാവ്‌ വി ഡി സതീശനെയും സംശയമുനയിൽ നിർത്തിയുള്ള മറുപടിയാണ്‌ നൽകിയതും. പാർടി ഇല്ലാതാകണമെന്ന്‌ ആഗ്രഹിക്കുന്ന ദുർമനസ്സുകൾ എന്നുവരെ നേതാക്കളെക്കുറിച്ച്‌ സുധാകരൻ പറഞ്ഞുകഴിഞ്ഞു. കെപിസിസി പ്രസിഡന്റ്‌ മാറിയാൽ പ്രതിപക്ഷ നേതൃസ്ഥാനവും മാറുന്നതാണ്‌ കോൺഗ്രസ്‌ രീതിയെന്നും ഓർമിപ്പിച്ചു. സതീശനെ പ്രതിപക്ഷനേതാവ്‌ സ്ഥാനത്തുനിന്ന്‌ മാറ്റേണ്ടിവരുമെന്ന സൂചനയാണ്‌ ഇതിലൂടെ നൽകിയത്‌.


കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സീറ്റിൽ മത്സരിക്കാൻ സുധാകരൻ ആഗ്രഹിക്കുന്നു. സുധാകരന്റെ നിയമസഭാ സ്ഥാനാർഥിത്വം തടയാൻ, എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിർദേശം കെ സി വേണുഗോപാലിലൂടെ ഹൈക്കമാൻഡിൽനിന്ന്‌ ഉണ്ടായേക്കും. സുധാകരന്‌ അവസരം കൊടുത്താൽ അടൂർ പ്രകാശ്‌, കൊടിക്കുന്നിൽ സുരേഷ്‌ തുടങ്ങിയവരും താൽപ്പര്യപ്പെടും. നിലവിൽ രമേശ്‌ ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയ വമ്പന്മാരെ എങ്ങനെ ഒതുക്കുമെന്ന ആശങ്കയിലിരിക്കെ, സുധാകരൻ കൂടി നിയമസഭയിലേക്ക് മത്സരിക്കുന്നത് പ്രശ്‌നം വഷളാക്കുമെന്ന്‌ ഹൈക്കമാൻഡിന്‌ ബോധ്യമുണ്ട്‌.


തമ്മിലടി നിർത്തൂ, 
കോൺഗ്രസിന്‌ 
മുന്നറിയിപ്പുമായി ലീഗ്‌

കോൺഗ്രസ്‌ നേതാക്കളുടെ തമ്മിലടിയിൽ അതൃപ്‌തി പരസ്യമാക്കി മുസ്ലിംലീഗ്‌. തമ്മിലടി തുടർന്നാൽ തെരഞ്ഞെടുപ്പിലെ വിജയ പ്രതീക്ഷകൾക്ക്‌ മങ്ങലേൽക്കുമെന്ന്‌ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മാധ്യമങ്ങളോട്‌ പറഞ്ഞു. തെരഞ്ഞെടുപ്പിന്‌ ഒരുങ്ങുന്ന ഈ ഘട്ടത്തിൽ യുഡിഎഫിലെ പ്രബല കക്ഷിയായ കോൺഗ്രസിന്റെ രീതി മുന്നണിക്ക്‌ ദോഷമാണ്‌. യുഡിഎഫിനെയാകെ തകർക്കുന്ന സമീപനമാണ്‌ കോൺഗ്രസ്‌ നേതാക്കളിൽനിന്നുണ്ടാകുന്നത്‌. അണികളിൽ ആശങ്കയുണ്ടാക്കുന്ന പ്രസ്‌താവനകളിൽനിന്ന്‌ കോൺഗ്രസ്‌ നേതാക്കൾ വിട്ടുനിൽക്കണം. യുഡിഎഫ്‌ ഒറ്റക്കെട്ടാണെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കോൺഗ്രസിനുണ്ടെന്നും പി എം എ സലാം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home