പാർടിയിലെ മുഖ്യമന്ത്രി സ്ഥാനമോഹികളുടെ ആഗ്രഹം അത്രപെട്ടെന്ന് സഫലമാകില്ല
കോൺഗ്രസിന് ഭരണം കിട്ടണമെന്നില്ല ; തുറന്നടിച്ച് കെ സുധാകരൻ

കണ്ണൂർ
സമുദായസമവാക്യം കൊണ്ടുമാത്രം അടുത്തതവണ കോൺഗ്രസിന് ഭരണം കിട്ടണമെന്നില്ലെന്ന് വർക്കിങ് കമ്മിറ്റി സ്ഥിരംക്ഷണിതാവ് കെ സുധാകരൻ. മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന പലരും പാർടിയിലുണ്ട്. അവരുടെ ആഗ്രഹം അത്രപെട്ടെന്ന് സഫലമാകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ കെപിസിസി പ്രസിഡന്റു സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനു പിന്നിൽ പാർടി നശിക്കട്ടെ എന്നാഗ്രഹിക്കുന്ന ദുർമനസ്സിന്റെ ഇടപെടലാണ്. പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന് ഞാൻ പറയില്ല. കെപിസിസി പ്രസിഡന്റിനെ മാറ്റുമ്പോൾ പ്രതിപക്ഷ നേതാവിനെയും മാറ്റുന്നതാണ് കോൺഗ്രസിന്റെ രീതി– ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.
എന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്നകാര്യം രാഹുലും ഖാർഗെയും പറഞ്ഞിട്ടില്ല. അവരെകണ്ട് രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ മാറ്റുന്നതായി ഡൽഹിയിൽനിന്ന് വിവരം കിട്ടി. അതുകേട്ടപ്പോൾ വളരെ വിഷമം തോന്നി. എന്നെ പാർടിക്ക് വേണ്ടെങ്കിൽ വേണ്ട. മാറ്റിയത് എന്തിനാണെന്ന് നേതൃത്വം ഉത്തരം പറയണം. സണ്ണി ജോസഫിനെ പ്രസിഡന്റാക്കിയതിനു പിന്നിൽ നേരെചൊവ്വേയുള്ള ബുദ്ധിയല്ല. എന്നോടൊന്നു പറയുകയും മാധ്യമങ്ങളോട് മറ്റൊന്ന് പറയുകയും ചെയ്യുന്ന, എഐസിസി നേതൃത്വത്തോട് ഒട്ടിനിൽക്കുന്ന നേതാക്കളുണ്ട്. എനിക്ക് വയസ്സായി, അനാരോഗ്യമുണ്ടെന്ന് ദീപാ ദാസ്‌മുൻഷി ഹൈക്കമാൻഡിനോട് പറഞ്ഞതായി കേട്ടു. എനിക്ക് അവരോട് ശത്രുതയില്ല. മറ്റാർക്കോവേണ്ടിയാണ് ഈ നിർദേശം പോയത് എന്നുമാത്രം പറയാം. ഇക്കാര്യം ഹൈക്കമാൻഡ് ഓഫീസിൽനിന്ന് അറിഞ്ഞതാണ്.

രണ്ടരവർഷം ട്രഷററെ വയ്‌ക്കാൻപോലും ഹൈക്കമാൻഡ് അനുമതി നൽകിയില്ല. പ്രതീക്ഷിച്ചപോലെ സംഘടനാ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ലെന്നത് സത്യമാണ്. തനിക്കൊപ്പം കൃത്യമായി പണിയെടുക്കുന്ന ഫുൾ ടീം ഉണ്ടായിരുന്നില്ല. പുതുപ്പള്ളി, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വിജയത്തിലെ ക്രെഡിറ്റ് പലരും ഏറ്റെടുക്കുകയായിരുന്നു–- സുധാകരൻ പറഞ്ഞു.
കെ മുരളീധരനും ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തി. സുധാകരൻ തുടരണമെന്ന ആഗ്രഹം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പുവരെ തുടരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അത് അനുവദിക്കാമായിരുന്നെന്നും മുരളീധരൻ പറഞ്ഞു.









0 comments